കോതമംഗലം: കോട്ടപ്പടി പ്ലാമുടി സെന്റ് മേരീസ് എൽ.പി സ്കൂളിന്റെ ഓഫീസ് താഴിട്ട് പൂട്ടി താക്കോൽ തിരിക്കുമ്പോൾ അദ്ധ്യാപിക ഷൈബി ടീച്ചറിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഷൈബി ടീച്ചർ കഴിഞ്ഞ ദിവസം ഔദ്യോഗികമായി വിരിച്ചതോടെ 38 വർഷം പ്രദേശവാസികൾക്ക് അറിവു പകർന്ന സ്കൂളും എന്നേക്കുമായി പൂട്ടി.
രണ്ട് വർഷമായി ഈ സ്കൂളിലെ ഏക അദ്ധ്യാപികയും പ്രധാനാദ്ധ്യാപികയുമായിരുന്നു ഷൈബി കെ. കുര്യാക്കോസ്. കോട്ടപ്പടി പഞ്ചായത്തിലെ മലയോര ഗ്രാമമായ പ്ലാമുടിയിലെ ഏക പൊതുസ്ഥാപനമായിരുന്നു ഈ സ്കൂൾ.
1983ലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്. 160 കുട്ടികളും ആറ് അദ്ധാപകരുമായി വളർന്ന സ്കൂളാണ് പിന്നീട് വിവിധ കാരണത്താൽ പ്രതിസന്ധിയിലായത്. അദ്ധ്യാപകർ ഒന്നൊന്നായി സർവീസിൽ നിന്ന് വിരമിച്ചതിനൊപ്പം കുട്ടികളും കുറഞ്ഞുവന്നു.
അദ്ധ്യാപക നിയമനം നടപ്പാക്കാതെ വന്നതോടെ കഴിഞ്ഞ രണ്ട് വർഷമായി ഷൈബി ടീച്ചർ മാത്രമായി. ടീച്ചർ കൂടി വിരമിച്ചതോടെ സ്കൂളിന്റെ പ്രവർത്തനം തുടർന്ന് കൊണ്ടുപോകേണ്ടതില്ലെന്നാണ് മാനേജ്മെന്റിന്റെ തീരുമാനം. അവസാനമുണ്ടായിരുന്ന മൂന്ന് വിദ്യാർത്ഥികൾക്ക് മറ്റ് സ്കൂളുകളിലേക്ക് ടി.സി.നൽകിയാണ് പ്രവർത്തനം നിർത്തുന്നത്.
സ്കൂൾ ആരംഭിച്ചകാലത്ത് ടീച്ചറിന്റെ ഭർത്താവ് എ.ജി. പൗലോസായിരുന്നു ഹെഡ്മാസ്റ്റർ. അദ്ദേഹം വിരമിച്ചപ്പോഴാണ് ഷൈബി ടീച്ചറിന് പ്രധാനാദ്ധ്യാപികയുടെ ചുമതല ലഭിച്ചത്. ഭർത്താവ് ഹെഡ്മാസ്റ്ററായി തുടങ്ങിയ സ്കൂൾ ഭാര്യ ഹെഡ്മിസ്ട്രസ് സ്ഥാനം ഒഴിയുന്നതോടെ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന അപൂർവതയും ഈ സ്കൂളിന് സ്വന്തം . 18-ാം വയസിൽ സ്പെഷ്യൽ ഓർഡറിലൂടെയാണ് ഷൈബി സർവീസിൽ പ്രവേശിച്ചത്. 38 വർഷത്തെ സേവനത്തിന് ശേഷമാണ് ടീച്ചറിന്റെ വിരമിക്കൽ. കോട്ടപ്പടിയിൽ വിവിധ സ്കൂളുകൾ മികച്ച നിലയിലേക്ക് ഉയർന്നപ്പോൾ പ്രദേശത്തെ നിരവധി കുട്ടികൾ പഠനം മാറ്റിയത് സ്കൂളിനെ പ്രതിസന്ധിയിലാക്കി. ഇതിനൊപ്പം കാട്ടാനശല്യവും കാരണമായി. പലകുറി ആനകൾ സ്കൂൾ മുറ്റത്ത് വരെയെത്തിയിരുന്നു. ആനശല്യം രൂക്ഷമായതോടെ ഒട്ടേറെ വീട്ടുകാർ താമസം മാറ്റിയത് സ്കൂളിൽ കുട്ടികൾ കുറയാൻ ഇടയാക്കിയതായി ഇപ്പോൾ മാനേജർ കൂടിയായ എ.ജി. പൗലോസ് ചൂണ്ടിക്കാട്ടി. പത്ത് കിലോമീറ്ററിനുള്ളിലെ ഏക പൊതുസ്ഥാപനമായിരുന്നു പ്ലാമുടി സെന്റ് മേരീസ് എൽ.പി. സ്കൂൾ. പോളിംഗ് ബൂത്ത് പ്രവർത്തിച്ചിരുന്നതും വാർഡിലെ ഗ്രാമസഭ ചേർന്നിരുന്നതും മറ്റ് പൊതുകാര്യങ്ങൾക്ക് വിനിയോഗിച്ചിരുന്നതുമെല്ലാം ഈ സ്കൂളിലായിരുന്നു.