കൊച്ചി: മൂവാറ്റുപുഴ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് കേസിൽ മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. അറസ്റ്റിലായ കീച്ചേരിപ്പടിയിലെ വൺ സ്റ്റോപ്പ് ഷോപ്പ് ട്രാവൽ ഏജൻസി ഉടമയും പശ്ചിമബംഗാൾ സ്വദേശിയുമായ സഞ്ജിത്ത് മണ്ടാലിന് അന്യസംസ്ഥാന ലോബികളുമാfയി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രത്യേകസംഘം രൂപീകരിച്ചത്.
വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളെ ഇയാൾ ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി വിട്ടതായാണ് പ്രാഥമിക നിഗമനം. ഇയാൾക്ക് ബംഗാളിലും അസമിലുമടക്കം കണ്ണികളുള്ളതായി സംശയിക്കുന്നു. ഉടനെ സഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങും.
കൊവിഡ് പരിശോധന സൗകര്യമുള്ള നഗരത്തിലെയും കോട്ടയത്തെയും ചില സ്വകാര്യ ആശുപത്രികളുടയും ടെസ്റ്റിംഗ് ലാബുകളുടെയും പേരിൽ ആർ.ടി.പി.സി.ആർ വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ
നിർമ്മിച്ച് നൽകിയതിനെ തുടർന്നാണ് വ്യാഴാഴ്ച മൂവാറ്റുപുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രികളുടെ പരാതിയിലായിരുന്നു മിന്നൽ പരിശോധനയും അറസ്റ്രും. സ്ഥാപനത്തിൽ നിന്ന് നിരവധി രേഖകളും ഹാഡ് ഡിസ്‌കും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയിൽ നിന്ന് എട്ട് ലക്ഷത്തോളം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ആധാറും ഐ.ഡികാർഡും
വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നൽകുന്ന സംഘം ആധാറടക്കമുള്ള തിരിച്ചറിയൽ രേഖകളും വ്യാജമായി നിർമിച്ച് നൽകിയിരുന്നുവത്രെ. കേരളത്തിലേക്ക് വരാനും തിരിച്ചുപോകുവാനും ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയതോടെ അന്യസംസ്ഥാന തൊഴിലാളികൾ ഒട്ടേറെപ്പേർ ഈ വ്യാജ പരിശോധന സർട്ടിഫിക്കറ്റുമായാണ് യാത്ര ചെയ്തിരുന്നത്. ജില്ലയിൽ കൊവിഡ് വ്യാപനം വൻതോതിൽ വർദ്ധിച്ച സാഹചര്യത്തിൽ ഇവർ ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകൾ കൂടുതൽ പരിശോധിക്കാനും ആരോഗ്യ പ്രവർത്തകരോട് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.