പെരുമ്പാവൂർ: കൂവപ്പടി ഗ്രാമ പഞ്ചായത്തിൽ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ പഞ്ചായത്ത് കമ്മിറ്റിയുടെ യോഗം ഓൺലൈനായി നടത്തി. അടിയന്തര മരുന്നുകളും ഉപകരണങ്ങളും വാങ്ങാൻ കോടനാട് ഫാമിലി ഹെൽത്ത് സെന്ററിന് 12 ലക്ഷം രൂപ വകയിരുത്തി. 5 ഓക്‌സിജൻ കോൺസെട്രേറ്ററുകൾ, പൾസ് ഓക്‌സി മീറ്റർ, പി.പി.ഇ കിറ്റുകൾ, മറ്റ് മരുന്നുകൾ എന്നിവയാണ് വാങ്ങുക. നിലവിൽ അഡ്വ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഫണ്ടിൽ നിന്ന് നൽകിയ 6 ഓക്‌സിജൻ കോൺസെട്രേറ്റർ കോടനാട് ഗവണ്മെന്റ് ആശുപത്രിയിലുണ്ട്. ഇവ ഉപയോഗത്തിലാണ്. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ള രോഗികളാണ് ഇത് ഉപയോഗിക്കുന്നത്. ഹോമിയോ പ്രതിരോധ മരുന്നുകൾ പഞ്ചായത്തിൽ വാർഡുതലത്തിൽ വിതരണം നടത്തുകയും ആയുർവേദ മരുന്നുകൾ ആശുപത്രിയുമായി ബന്ധപ്പെട്ടാൽ ലഭ്യമാകത്തക്കവിധത്തിൽ ക്രമീകരണവും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൺട്രോൾ റൂം തുറന്നു. സി.എഫ്.എൽ.ടി ആരംഭിക്കുന്നതിനായുള്ള പ്രാഥമിക പ്രവർത്തനം ആരംഭിച്ചു. സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ച് നിയന്ത്രണ സംവിധാനങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അറിയിച്ചു.