പെരുമ്പാവൂർ: അശമന്നൂർ പഞ്ചായത്തിലെ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഡോമിസിലിയറി കൊവിഡ് കെയർ സെന്റർ (ഡിസിസി) തുറക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അശമന്നൂർ മണ്ഡലം കമ്മിറ്റി എറണാകുളം ജില്ലാ കളക്ടർക്ക് നിവേദനം നൽകി.251പേർ ചികിത്സയിലുള്ള അശമന്നൂർ പഞ്ചായത്തിൽ 225 പേരും സ്വന്തം വീടുകളിലാണ് തുടരുന്നത്.വൃദ്ധരായ മാതാപിതാക്കളും കുട്ടികളോടൊപ്പം കൊവിഡ് രോഗികൾ വീട്ടിൽ തുടരുന്നത് അപകടം വിളിച്ചു വരുത്തും. ഇതിനാൽ 24 മണിക്കൂറും ഡോക്ടറുടേയും നേഴ്‌സ്മാരുടേയും സേവനം ലഭ്യമാക്കുന്ന വിധത്തിൽ പൂമല കെ.എം.പി കോളേജിൽ ഡോമിസിലിയറി കൊവിഡ് കെയർ സെന്റർ തുടങ്ങണം. ജനങ്ങളുടെ ആവശ്യവും ഇതാണ്.പഞ്ചായത്തിൽ വിളിച്ചു ചേർത്ത സർവക്ഷി യോഗത്തിലും മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംഘടനകളും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങണമെന്നാണ് നിർദേശിച്ചിരുന്നത്. കളക്ടറുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് കെയർ സെന്റർ തുടങ്ങുമെന്നാണ് ഭരണസമിതിയുടെ നിലപാട്. കളക്ടർ അടിയന്തിരമായി ഇടപെട്ട് ആവശ്യമായ നിർദ്ദേശങ്ങൾ പഞ്ചായത്ത് ഭരണ സമിതിക്ക് നൽകണമെന്നും യൂത്ത് കോൺഗ്രസ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.