മൂവാറ്റുപുഴ: മൂവാറ്റുപുഴ, പിറവം നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. മൂവാറ്റുപുഴ നിയോജക മണ്ഡത്തിലെ വോട്ടെണ്ണൽ നടക്കുന്നത് നിർമല ഹയർ സെക്കൻഡറി സ്‌കൂളിലാണ്. മൂന്ന് കൗണ്ടിംഗ് ഹാളുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. പോസ്റ്റ് ബാലറ്റുകൾക്കായി നാലു ടേബിളുകളും, വോട്ടിംഗ് യന്ത്രങ്ങൾക്കായി 21 ടേബിളുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. മണ്ഡലത്തിലെ വോട്ടെണ്ണലിനായി 13 എ.ആർ.ഒമാരും, 125 കൗണ്ടിംഗ് ഏജന്റുമാരുമുണ്ട്. മണ്ഡലത്തിലാകെ 284 ബൂത്തുകളാണുള്ളത്.
ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുന്നത്. പിറവം നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുന്നത് നിർമല പബ്ലിക് സ്‌കൂളിലാണ്. ഇവിടെയും മൂന്ന് കൗണ്ടിംഗ് ഹാളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 15 എ.ആർ.ഒമാരെയും 162 കൗണ്ടിംഗ് ഏജന്റുമാരെയുമാണ് നിയോഗിച്ചിരിക്കുന്നത്. പോസ്റ്റൽ ബാലറ്റുകൾക്കായി ആറ് ടേബിളുകളും, വോട്ടിംഗ് യന്ത്രങ്ങൾക്കായി 21 ടേബിളുകളും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ആറോടെ വോട്ടെണ്ണൽ ചുമതലയുള്ള ഉദ്യോഗസ്ഥർ കൗണ്ടിംഗ് സെന്ററുകളിലെത്തും. മറ്റു നടപടികൾക്കുശേഷം എട്ടിന് പോസ്റ്റൽ ബാലറ്റുകൾ ടേബിളുകളിൽ എത്തിക്കും. അഞ്ഞൂറ് എണ്ണത്തിന്റെ കെട്ടുകളായി തിരിച്ചായിരിക്കും എണ്ണുക. തുടർന്നാണ് യന്ത്രങ്ങളിലെ വോട്ടിംഗ് എണ്ണുക. ഉച്ചയ്ക്ക് 12.30 ഓടെ അന്തിമഫലം അറിയാൻ കഴിയും.