പറവൂർ: പറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പറവൂർ നിയോജക മണ്ഡലത്തിലേയും പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ കളമശേരി നിയോജക മണ്ഡലത്തിലേയും വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകൾ ആദ്യമെണ്ണും. എട്ടരക്ക് മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിക്കും. കൗണ്ടിംഗ് ജോലികൾക്കായി രണ്ടിടത്തും 80 പൊലീസുകാർ ഉൾപ്പെടെ 500 പേരെ നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ ഏഴുമണിയോടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തിച്ചേരും.
ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂളിന്റെ താഴത്തെ നിലയിൽ അഞ്ച് കൗണ്ടിംഗ് ഹാളുകളിലായി 17 മേശകൾ ഒരുക്കിയിട്ടുണ്ട്. മുകളിലത്തെ നിലയിലാണ് പോസ്റ്റൽ വോട്ടുകൾ എണ്ണുക. തൊട്ടടുത്ത മുറിയിൽ മീഡിയറൂം സജ്ജീകരിച്ചു. കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ ഉൾപ്പെടെ ഒരു മേശയിൽ മൂന്ന് ഉദ്യോഗസ്ഥർ ഉണ്ടാകും. ഓരോ ഹാളിലും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസർമാരും റൂംസൂപ്പർവൈസറും ഉണ്ടാകും. നിയോജകമണ്ഡലത്തിൽ 175 ബൂത്തുകളാണ് ഉള്ളത്. ഒന്നുമുതൽ 25 വരെ ബൂത്തുകളുള്ള വടക്കേക്കര പഞ്ചായത്താണ് ആദ്യം എണ്ണുക. പുത്തൻവേലിക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, പറവൂർ നഗരസഭ, കോട്ടുവള്ളി, ഏഴിക്കര, വരാപ്പുഴ എന്നീ ക്രമത്തിലാണ് തുടർന്ന് എണ്ണുക.