കൊച്ചി: സംസ്ഥാന സർക്കാരിന്റെ വാഗ്ദാനലംഘനത്തിൽ പ്രതിഷേധിച്ച് സാക്ഷരതാമിഷൻ പ്രേരക്മാർ വീട്ടുമുറ്റത്ത് പ്ലക്കാർഡുമേന്തി സമരംചെയ്തു. 2017ൽ സർക്കാർ പ്രഖ്യാപിച്ച വേതനം വെട്ടിക്കുറവില്ലാതെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ പ്രേരക്മാരുടെ ആനുകൂല്യം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പരാമർശമുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പേ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ് നടപടികൾ നീട്ടിക്കൊണ്ടുപോയി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ പ്രഖ്യാപനങ്ങൾ മരവിപ്പിച്ചു. ഇതിനിടെ സാക്ഷരതാമിഷനിലെ ഒരു വിഭാഗം ജീവനക്കാരെ സ്ഥിരപ്പെടുത്തിക്കൊണ്ട് ഉത്തരവും ഇറങ്ങി. അതേസമയം 20 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന പ്രേരക് മാർക്ക് കൃത്യമായ വേതനംപോലും ലഭിക്കുന്നുമില്ല. ഈ വിവേചനത്തിനെതിരെയാണ് ലോക തൊഴിലാളി ദിനത്തിൽ പ്രേരക് മാർ സ്വന്തം വീട്ടുമുറ്റത്ത് പ്രതിഷേധസമരം സംഘടിപ്പിച്ചത്.