ആലുവ: കേരളത്തിൽ ഇടത് അനുകൂലതരംഗമുണ്ടായിട്ടും അൻവർ സാദത്ത് വൻ ഭൂരിപക്ഷത്തിൽ ഹാട്രിക് വിജയം നേടിയത് ആലുവ മണ്ഡലത്തിലെ യു.ഡി.എഫ് പ്രവർത്തകർക്ക് ആശ്വാസമായി. 2011ൽ എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫിനായി ആലുവ സീറ്റ് തിരിച്ചുപിടിച്ച അൻവർ സാദത്ത് 2016ലും വിജയം ആവർത്തിച്ചു.

എക്കാലവും യു.ഡി.എഫിന്റെ കുത്തകയായിരുന്ന മണ്ഡലം 2006ൽ എ.എം. യൂസഫിലൂടെ എൽ.ഡി.എഫ് പിടിച്ചെങ്കിലും പിന്നീട് നിലനിർത്താനായില്ല. 27 വർഷം ആലുവയിൽ കോൺഗ്രസ് എം.എൽ.എയായിരുന്ന കെ. മുഹമ്മദാലിയെ 4366 വോട്ടിനാണ് 2006ൽ എ.എം. യൂസഫ് പരാജയപ്പെടുത്തിയത്. എന്നാൽ 2011ൽ 13,214 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അൻവർ സാദത്ത് കന്നി മത്സരത്തിൽ മണ്ഡലം തിരിച്ചുപിടിച്ചു. 2016ൽ ഇടതുതരംഗമുണ്ടായപ്പോഴും സാദത്ത് ഭൂരിപക്ഷം 18,835 ആയി ഉയർത്തി. ഇക്കുറി കെ. മുഹമ്മദാലിയുടെ മരുമകളെ രംഗത്തിറക്കി തിരിച്ചുപിടിക്കാനാണ് എൽ.ഡി.എഫ് ശ്രമിച്ചത്. പിണറായി അനുകൂല തരംഗവും കെ. മുഹമ്മദാലിയുടെ വ്യക്തിപ്രഭാവത്തിൽ കോൺഗ്രസിൽ നിന്നും ലഭിക്കുന്ന വോട്ടും നേടി ജയിക്കാമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷിച്ചതെങ്കിലും നടന്നില്ല. 18,773 വോട്ടിന് അൻവർ സാദത്ത് സീറ്റുനിലനിർത്തി.

പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോൾ ആരംഭിച്ച മുന്നേറ്റം അവസാനംവരെ തുടർന്നു. ത്രികോണ മത്സരപ്രതീതി സൃഷ്ടിച്ചെങ്കിലും എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപിക്ക് 2016ൽ ലഭിച്ച വോട്ട് നേടാനായില്ല. ഇക്കുറി 4,000 വോട്ടിലേറെ കുറവുണ്ടായി.

അൻവർ സാദത്ത് 2011ൽ 64,244, 2016ൽ 69,568, ഇക്കുറി 73574 വോട്ട് നേടി. എന്നാൽ 2011ൽ എൽ.ഡി.എഫ് 51,030 വോട്ടും 2016ൽ 50,733 വോട്ടുമാണ് നേടിയത്. ഇക്കുറി 54,808 വോട്ട് നേടി. ബി.ജെ.പി 2011ൽ 8,264 വോട്ടാണ് നേടിയത്. 2016ൽ 19,349 വോട്ടായി ഉയർത്തി. ഇക്കുറി 15,874 ആയി കുറഞ്ഞു.

ആലുവ നിയമസഭാ മണ്ഡലം രൂപീകൃതമായശേഷം ഇടതുപക്ഷം നേരിട്ട് വിജയിച്ചത് 2006ൽ മാത്രമാണ്. അതിനുമുമ്പ് ഇടത് സ്വതന്ത്രനായി ഫ്രൊഫ. എം.കെ.എ. ഹമീദും ആന്റണി ഗ്രൂപ്പ് സ്ഥാനാർത്ഥിയായി കെ. മുഹമ്മദാലിയും വിജയിച്ചിട്ടുണ്ട്.