ആലുവ: അട്ടിമറി വിജയങ്ങളുണ്ടായിട്ടും ആഘോഷിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മുന്നണികൾ. ഒരിടത്തും മുദ്രാവാക്യം വിളികളോ ആരവങ്ങളോ ഉയർന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സർവകക്ഷി യോഗത്തിന്റെയും നിർദ്ദേശങ്ങൾ പൂർണമായി പാലിച്ച് മുന്നണികൾ ആഹ്ളാദാരവങ്ങൾ ഒഴിവാക്കുകയായിരുന്നു.

ഹാട്രിക് വിജയം നേടിയിട്ടും യു.ഡി.എഫിന്റേയും നേതാക്കളും പ്രവർത്തകരും ആലുവയിൽ നിരത്തിലിറങ്ങിയില്ല. ഇരുചക്ര വാഹനങ്ങളിൽപോലും ആരുമുണ്ടായില്ല. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നഗരത്തിൽ നിയന്ത്രണങ്ങളുണ്ടായതിനാൽ പതിവ് വാഹനങ്ങളുമുണ്ടായില്ല. എല്ലാവരും വീടുകളിലെ ടെലിവിഷനുകളുടെ മുന്നിലായിരുന്നു. ചരിത്രംകുറിച്ച് ഭരണത്തുടർച്ചയുണ്ടായതിൽ ആഹ്ളാദം പ്രകടിപ്പിച്ച് വിരലിലെണ്ണാവുന്ന പ്രവർത്തകർ ചിലയിടങ്ങളിൽ നിരത്തിലിറങ്ങി.

അതേസമയം വിജയത്തിന്റെ കാറ്റുവീശുന്നത് ഇടത്തേക്കാണെന്ന് വ്യക്തമായതോടെ സോഷ്യൽ മീഡിയയിൽ ആഹ്ളാദങ്ങളുടെ തിരമാലയായിരുന്നു. എവിടെയും തരംഗമായി നിന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.