കൊച്ചി: സംസ്ഥാനത്താകെ ക്യാപ്ടൻ തരംഗം അലയടിച്ചപ്പോഴും ജില്ലയിൽ ഇടതു മുന്നണിയുടെ വിജയത്തിന്റെ മാറ്റുകുറഞ്ഞു. യു.ഡി.എഫ് കോട്ടയായ എറണാകുളത്ത് യുവ തുർക്കികളുടെ പരാജയവും പരീക്ഷണത്തിലെ പാളിച്ചയും ഇടതു മുന്നണിക്ക് തിരിച്ചടിയായി. രണ്ട് സീറ്ര് അട്ടിമറിയിലൂടെ സ്വന്തമാക്കിയപ്പോൾ രണ്ട് സിറ്രിംഗ് സീറ്രിൽ കാലിടറി. സഭയിൽ സി.പി.എമ്മിന്റെ ശബ്ദമായ എം.സ്വരാജിന്റെയും സി.പി.ഐയുടെ പോരാളി എൽദോ എബ്രഹാമിന്റേയും തോൽവിയുമാണ് ക്ഷീണമായത്. മികച്ച പോരാട്ടം കാഴ്ചവച്ചാണ് കീഴടങ്ങിയതെങ്കിലും കൈപ്പിടിയിൽ ഒതുക്കിയ മണ്ഡലങ്ങൾ നഷ്ടപ്പെടുത്തിയത് വലിയ തിരിച്ചടിയായി. എറണാകുളം, തൃക്കാക്കര, ആലുവ മണ്ഡലങ്ങൾ പിടിച്ചടക്കാൻ സ്വതന്ത്രരെ കളത്തിലിറക്കിയെങ്കിലും, ഈ പ്ലാനും ഏശിയില്ല. മൂന്നിടത്തും തേരാളികൾ വീണു.
തൃപ്പൂണിത്തുറയിൽ എം.സ്വരാജ് മുൻ മന്ത്രി കെ.ബാബുവിന് മുന്നിലാണ് മുട്ടുമടക്കിയത്. 1009 വോട്ടിന്റെ തോൽവി. സഹപാഠികൾ തമ്മിൽ ഏറ്റുമട്ടിയ മൂവാറ്റുപുഴയിൽ 5468 വോട്ടിനാണ് എൽദോ എബ്രഹാം പരാജയപ്പെട്ടത്. ട്വന്റി 20യുടെ സ്വാധീനമാണ് എൽദോയുടെയും പ്രതീക്ഷ തരിപ്പണമാക്കിയത്.
ലത്തീൻ സഭയ്ക്ക് നിർണായ സ്വാധീനമുള്ള എറണാകുളത്തും തൃക്കാക്കരയിലും പതിവുപോലെ സഭയ്ക്ക് അനുഭാവമുള്ള സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചെങ്കിലും ഗുണം ചെയ്തില്ല. യു.ഡി.എഫ് കോട്ടയായ എറണാകുളത്ത് ഷാജി ജോർജും തൃക്കാക്കരയിൽ ഡോ.ജെ.ജേക്കബും അടർക്കളത്തിൽ നിലംപരിശായി. കോൺഗ്രസ് പാളയത്തിൽ നിന്ന് അടർത്തിയെടുത്ത് ആലുവയിൽ കളത്തിലിറക്കിയ ഷെൽന നിഷാദിനും സിറ്രിംഗ് എം.എൽ.എ അൻവർ സാദത്തിന്റെ ആലുവകോട്ടയിൽ വിള്ളലുണ്ടാക്കാനായില്ല.
ലക്ഷ്യമിട്ടത് ഏഴ്
കിട്ടിയത് അഞ്ച്
കോതമംഗലം, വൈപ്പിൻ, കൊച്ചി, കളമശേരി,കുന്നത്തുനാട് മണ്ഡലങ്ങൾ ചുവന്നു. എം.എൽ.എയും മന്ത്രിയുമായിരുന്ന എസ്.ശർമ്മ കൈക്കുമ്പിളിൽ കൊണ്ടു നടന്ന വൈപ്പിനിൽ കെ.എൻ ഉണ്ണിക്കൃഷൻ വീണ്ടും ചെങ്കൊടി പാറിച്ചു. ലീഗിന്റെ പച്ചക്കോട്ടയായ കളമശേരിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവിലൂടെയാണ് ചുവപ്പ് പടർത്തിയത്. അട്ടിമറി വിജയം. കോതമംഗലത്ത് ആന്റണി ജോൺ മണ്ഡലം നിലനിർത്തി. തീപാറും പോരാട്ടം നടന്ന ഇവിടെ പക്ഷേ ആന്റണി ജോണിന്റെ തേരോട്ടത്തെ പിടിച്ചുകെട്ടാൻ യു.ഡി.എഫിനായില്ല.
കൈവിട്ടുപോകുമെന്ന് കരുതിയ കൊച്ചിയിൽ 13,079 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് കെ.ജെ മാക്സി ജയിച്ചുകയറിയത്. 19,676 വോട്ടുമായി ട്വന്റി 20 സ്ഥാനാർത്ഥി ഷൈനി ആന്റണിയുടെ അസാധാരണ പ്രകടനം ടോണിക്ക് പാരയാവുകയായിരുന്നു.