കളമശേരി: കളമശേരി നിയമസഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി. രാജീവിന്റെ വിജയം ആഘോഷിക്കാതിരിക്കാൻ ടാക്സി ഡ്രൈവർ ഏലൂർ വടക്കുംഭാഗം അമ്പഴത്തിൽ വീട്ടിൽ സലിമിനായില്ല. പി. രാജീവിന്റെ ചിത്രം വച്ച് സ്വന്തം ഒമ്‌നിവാനിന്റെ മുകളിൽ കാവടി ഉയർത്തി ഒരു കൈയിൽ കമ്പിത്തിരിയും മറുകൈയിൽ രാജീവിന്റെ കട്ടൗട്ടും പിടിച്ച് ആഹ്ളാദനൃത്തം ചവിട്ടുകയായിരുന്നു സലിം.
ചുരുക്കം ചിലർ കൊടിയുമേന്തി മുദ്രാവാക്യം വിളിച്ച് റോഡിലൂടെ സൈക്കിളിൽ പായുന്നത് കാണാമായിരുന്നു. ചിലർ വീടുകളിൽ പടക്കംപൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും വിജയാഹ്ലാദം പ്രകടിപ്പിച്ചു. ചിലർ പി. രാജീവിന്റെ പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ച് ഫോട്ടോയെടുത്ത് ഫേസ് ബുക്കിലും വാട്ട്സ്ആപ്പിലും പോസ്റ്റുചെയ്തും സന്തോഷം രേഖപ്പെടുത്തി. കൂട്ടംകൂടിയുള്ള. ആഹ്ളാദ പ്രകടനങ്ങൾ ഒരിടത്തുമുണ്ടായിരുന്നില്ല.