കൊച്ചി: കഴിഞ്ഞതവണ തൃക്കാക്കര മണ്ഡലത്തിൽനിന്ന് വിജയിച്ച പി.ടി. തോമസിനെ വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ തോളിലേറ്റി പുറത്തെത്തിക്കുകയായിരുന്നു. രാവിലെ വോട്ടെണ്ണൽ സ്ഥലത്തേക്ക് പോയതും നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയാണ്. ഉച്ചയായപ്പോൾ മധുരപലഹാരങ്ങളുമായി വീട്ടുകാർ കൗണ്ടിംഗ് സ്റ്റേഷന് മുന്നിൽ ഹാജരായി. ഫലമറിഞ്ഞ് പുറത്തുവന്ന പി.ടി വീട്ടുകാരെ കൈവീശിക്കാട്ടി പ്രവർത്തകർക്കൊപ്പം തുറന്നവാഹനത്തിൽ യാത്രയായി. താളമേളങ്ങളോടെയും പടക്കഘോഷത്തോടെയുമാണ് വിജയിക്ക് വരവേൽപ്പ് നൽകിയത്.
എന്നാൽ ഇന്നലെ രാവിലെ ആറിന് പി.ടി. തനിച്ചാണ് വീട്ടിൽ നിന്നിറങ്ങിയത്. വോട്ടെണ്ണൽ കേന്ദ്രത്തിൽ യു.ഡി.എഫിന്റെ പ്രവർത്തകരുണ്ടായിരുന്നു. അയ്യായിരം ലീഡുണ്ടെന്ന് ടി.വിയിൽ കണ്ടശേഷം പിന്നീട് ഒരു വിവരവും ഇല്ലാതായതോടെ വീട്ടുകാർ സ്ഥാനാർത്ഥിയെ വിളിച്ചു. പിന്നീട് ലീഡ് അറിയുന്നതിനായി അരമണിക്കൂർ ഇടവിട്ട് പി.ടിയെ വിളിച്ചുകൊണ്ടിരുന്നു. ഭൂരിപക്ഷം 14000 കടന്നതോടെ പ്രവർത്തകർക്ക് നൽകാൻ ഒരു പായ്ക്കറ്റ് ലഡുവുമായി ഭാര്യ ഉമയും രണ്ട് ആൺമക്കളും വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ കാത്തുനിൽപ്പായി.
വിജയിച്ചുവെന്ന സർട്ടിഫിക്കറ്റും വാങ്ങി പുറത്തുവന്ന പി.ടി. ആദ്യം പ്രൊഫ. എം. ലീലാവതിയുടെ തൃക്കാക്കരയിലെ വസതിയിലെത്തി അനുഗ്രഹംതേടി. വൈകിട്ട് പ്രവർത്തകരെയും വോട്ടർമാരെയും ഫോണിൽവിളിച്ച് നന്ദിപറഞ്ഞു.
ടി.ജെ. വിനോദ് ഡി.സി.സി ഓഫീസിൽ
എറണാകുളം മണ്ഡലത്തിലെ സ്ഥാനാർത്ഥിയും ഡി.സി.സി പ്രസിഡന്റുമായ ടി.ജെ. വിനോദ് ഇന്നലെ ഡി.സി.സി ഓഫീസിലെ ടി.വിയിലാണ് തിരഞ്ഞെടുപ്പ് വാർത്തകൾ കണ്ടത്. വോട്ടെണ്ണൽ കേന്ദ്രത്തിലുണ്ടായിരുന്ന പ്രവർത്തകർ ഓരോ റൗണ്ട് കഴിയുമ്പോഴും ലീഡ്നില അദ്ദേഹത്തെ അറിയിച്ചുകൊണ്ടിരുന്നു. ഭൂരിപക്ഷം കുറവാണെന്ന് അറിഞ്ഞപ്പോൾ സ്ഥാനാർത്ഥിക്ക് ടെൻഷനായി. എന്നാൽ ലീഡ് ഉയർന്നതോടെ ആശ്വാസമായി. ജില്ലയിൽ യു.ഡി.എഫിന് തിരിച്ചടി ഉണ്ടായില്ലെങ്കിലും സംസ്ഥാനതലത്തിലേറ്റ തിരിച്ചടി പാർട്ടി ഓഫീസിനെ ശോകമൂകമാക്കി.