പറവൂർ: സംസ്ഥാനത്തും തൊട്ടടുത്ത മണ്ഡലങ്ങളിലും എൽ.ഡി.എഫ് തരംഗമുണ്ടായപ്പോഴും മുൻവർഷങ്ങളെക്കാൾ ഭൂരിപക്ഷം വർദ്ധിപ്പിച്ച് അഞ്ചാംതവണയും വി.‌‌ഡി. സതീശന്റെ ചരിത്രവിജയം. 2001ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പറവൂർ സീറ്റ് സതീശൻ വിട്ടുകൊടുത്തിട്ടില്ല. സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ഇത്തവണ സതീശനാണ്. 2016ലെ തിരഞ്ഞെടുപ്പിൽ 20,364 ഭൂരിപക്ഷത്തിൽ ജയിച്ച സതീശന് ഇക്കുറി 21,301 ആണ് ഭൂരിപക്ഷം. പറവൂർ നഗരസഭയും വടക്കേക്കര, പുത്തൻവേലിക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, വരാപ്പുഴ എന്നീ പഞ്ചായത്തും ചേർന്നതാണ് പറവൂർ നിയോജകമണ്ഡലം. ഇതിൽ പറവൂർ നഗരസഭയുടെ ഏഴിക്കര, വരാപ്പുഴ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ഭരണം. മറ്റും നാല് പഞ്ചായത്തുകളിൽ എൽ.ഡി.എഫിനാണ് ഭരണം. കഴിഞ്ഞ തവണ വടക്കേക്കര പഞ്ചായത്തിൽ മാത്രമാണ് ഭൂരിപക്ഷം നഷ്ടപ്പെട്ടത്. ഇത്തവണ വടക്കേക്കരയിലടക്കം എല്ലാ പഞ്ചായത്തുകളിലും വി.ഡി. സതീശന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു.

പാർലമെന്റിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിൽ പറവൂർ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫിന് നാലായിരത്തോളം വോട്ടിന്റെ മുൻതൂക്കം ഉണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ഇതെല്ലാം തകർത്താണ് മുമ്പത്തേക്കാളും ഭൂരിപക്ഷത്തിൽ സതീശന്റെ തിളക്കമാർന്ന വിജയം.