പെരുമ്പാവൂർ: മുന്നണി മാറ്റത്തിലൂടെ സഹയാത്രികൻ എതിരാളി, അയോദ്ധ്യഫണ്ട് നൽകൽ വിവാദം, ട്വന്റി20 യുടെ കടന്ന് വരവ് തുടങ്ങിയ നിരവധി കടമ്പകൾ കടന്നാണ് പെരുമ്പാവൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളി വിജയം കണ്ടത്.
കഴിഞ്ഞ തവണ സിറ്റിംഗ് എം.എൽ.എ സാജുപോളിനെ 7088 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ കുന്നപ്പിളളിക്ക് ഇത്തവണ മാർജിൻ കുറഞ്ഞു. കേരളകോൺഗ്രസ് മാണി ഗ്രൂപ്പുകാരനായ എൽ.ഡി.എഫിലെ ബാബു ജോസഫിനെ 2899 വോട്ടുകൾക്ക് കഷ്ടിച്ചാണ് കീഴടക്കിയത്.
കൂവപ്പടി, ഒക്കൽ, മുടക്കുഴ, പെരുമ്പാവൂർ മുനിസിപ്പാലിറ്റി എന്നിവ യു.ഡി.എഫിന് ഒപ്പം നിന്നപ്പോൾ വെങ്ങോല, അശമന്നൂർ, രായമംഗലം, വേങ്ങൂർ എന്നീ പഞ്ചായത്തുകൾ ഇരു മുന്നണികൾക്കും തുല്യമായ രീതിയിൽ വോട്ടുകൾ നൽകി. ട്വന്റി 20യുടെ ചിത്ര സുകുമാരനാണ് മൂന്നാം സ്ഥാനത്ത്. ബി.ജെ.പി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇടതു സ്ഥാനാർത്ഥി ബാബു ജോസഫിന്റെ തട്ടകമായ കൂവപ്പടി എൽ.ഡി.എഫിനെ കൈവിട്ടത് ശ്രദ്ധേയമായി.