അങ്കമാലി: ഇടതുതരംഗത്തെ തടയിട്ട് അങ്കമാലിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി റോജി എം. ജോൺ ഉയർന്ന ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തി .കഴിഞ്ഞ തവണ 9186 വോട്ടിന് വിജയിച്ച റോജി ഇക്കുറി 15929 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് അങ്കമാലിയിൽ ആധിപത്യമുറപ്പിച്ചത്. മണ്ഡലത്തിന് കീഴിൽവരുന്ന അങ്കമാലി നഗരസഭയിലും എട്ട് പഞ്ചായത്തുകളിലും റോജി മുന്നിലെത്തി.
വോട്ട് എണ്ണിത്തുടങ്ങി ആദ്യറൗണ്ട് മുതൽ റോജിക്കായിരുന്നു മുൻതൂക്കം. അവസാന റൗണ്ട് വരെ ആ മുൻതൂക്കം നിലനിർത്താനുമായി.
അങ്കമാലി നഗരസഭയും കറുകുറ്റി, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ, മഞ്ഞപ്ര, അയ്യമ്പുഴ, കാലടി, മലയാറ്റൂർനീലീശ്വരം പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് അങ്കമാലി മണ്ഡലം. ഇതിൽ മഞ്ഞപ്ര, അയ്യമ്പുഴ
പഞ്ചായത്തുകളൊഴികെ ഭരിക്കുന്നത് യു.ഡി.എഫാണ്. എൽ.ഡി.എഫ്.ഭരിക്കുന്ന മഞ്ഞപ്ര, അയ്യമ്പുഴ പഞ്ചായത്തുകളിൽപ്പോലും എൽ.ഡി.എഫിലെ ജോസ് തെറ്റയിലിന് ലീഡ് നേടാനായില്ല.
പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും യു.ഡി.എഫിനെ അത് ബാധിച്ചില്ല. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ 4896 വോട്ടുകൾ റോജി കൂടുതൽ നേടിയപ്പോൾ 2016ൽ ലഭിച്ചതിനേക്കാൾ 1847 വോട്ട് കുറവാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് തെറ്റയിലിന് ലഭിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി. സാബുവിനും 2016ൽ ലഭിച്ച വോട്ട് നിലനിർത്താനായില്ല.