പറവൂർ: എൽ.ഡി.എഫിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് വി.ഡി. സതീശൻ ഇത്തവണ ഭൂരിപക്ഷം വർദ്ധിപ്പിച്ചത്. പറവൂർ നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും ലീഡാണുള്ളത്. കഴിഞ്ഞ തവണ 912 വോട്ട് കുറവായിരുന്ന വടക്കേക്കരയിൽ ഇത്തവണ 1148 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. പറവൂർ നഗരസഭയിലും വരാപ്പുഴ പഞ്ചായത്തിലും നാലായിരത്തിലേറെയും ചേന്ദമംഗലം, കോട്ടുവള്ളി പഞ്ചായത്തുകളിൽ മൂവായിരത്തിലേറെയും ലീഡുണ്ട്. ഏഴിക്കരയിൽ രണ്ടായിരത്തി എണ്ണൂറിൽപരം ഭൂരിപക്ഷമുണ്ട്. ക്വാറന്റെയിനിൽ ആയിരുന്നതിനാൽ സതീശൻ വോട്ടെണ്ണൽ കേന്ദ്രമായ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എത്തിയിരുന്നില്ല. വീട്ടിൽ ടെലിവിഷനിലൂടെയാണ് വിജയം കണ്ടത്. ഇന്നലെയോടെ ക്വാറന്റെയിൻ പൂർത്തിയായി. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ മറ്റ് ആഘോഷപരിപാടികൾ ഉണ്ടായിരുന്നില്ല.