കൊച്ചി: എറണാകുളം ജില്ലയിൽ കേരളകോൺഗ്രസ് (എം) മത്സരിച്ച രണ്ട് സീറ്റുകളും നഷ്ടമായി. പിറവത്ത് 25,364 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനാണ് കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ് കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി സിന്ധുമോൾ ജേക്കബിനെ തറപറ്റിച്ചത്. പെരുമ്പാവൂരിൽ മത്സരിച്ച കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി ബാബു ജോസഫ് 2899 വോട്ടിനാണ് സിറ്റിംഗ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയോട് പരാജയപ്പെട്ടത്.
പിറവത്ത് മത്സരിക്കാനെത്തിയ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി സിന്ധുമോളോടൊപ്പം വിവാദവുമുണ്ടായിരുന്നു. സി.പി.എം ഉഴവൂർ ബ്രാഞ്ച് കമ്മിറ്റി അംഗവും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോളെ സി.പി.എം ഉഴവൂർ ലോക്കൽ കമ്മിറ്റി പാർട്ടിയിൽനിന്ന് പുറത്താക്കി. എന്നാൽ സി.പി.എം കോട്ടയം ജില്ലാകമ്മിറ്റി സിന്ധുമോളിന്റെ രക്ഷയ്ക്കെത്തി. പുറത്താക്കാനുള്ള അധികാരം ലോക്കൽ കമ്മിറ്റിക്കില്ലെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ വാദം. തുടക്കം മുതലുണ്ടായ വിവാദം സിന്ധുമോൾക്ക് നൽകിയത് കനത്ത തിരിച്ചടിയായി.