ആലുവ: കേരളത്തിൽ ഇടത് അനുകൂലതരംഗമുണ്ടായിട്ടും ആലുവയിൽ അൻവർ സാദത്ത് നേടിയത് തിളക്കമാർന്ന വിജയം. മണ്ഡലത്തിലെ ആലുവ നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും അൻവർ സാദത്തിനായിരുന്നു ലീഡ്.
കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ദയനീയ തോൽവി ഏറ്റുവാങ്ങിയ കീഴ്മാട്, എടത്തല ഗ്രാമപഞ്ചായത്തുകളിലും സാദത്തിന് ഭൂരിപക്ഷം ലഭിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്തിൽ 2,375 വോട്ടും എടത്തലയിൽ 2128 വോട്ടിന്റെയും ഭൂരിപക്ഷം സാദത്തിന് ലഭിച്ചു. ഇരുമുന്നണികൾക്കും തുല്യസീറ്റ് ലഭിച്ച നെടുമ്പാശേരി ഗ്രാമപഞ്ചായത്തിൽ അൻവർ സാദത്തിന് 1,897 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ആലുവ നഗരസഭയിൽ 2,612 വോട്ടാണ് കൂടുതലുള്ളത്. ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് ചൂർണിക്കര ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ 2,749 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ശ്രീമൂലനഗരം 2,418, കാഞ്ഞൂർ 2,019, ചെങ്ങമനാട് 2,140 എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിൽ യു.ഡി.എഫിന് ലഭിച്ച ഭൂരിപക്ഷം.
മൂന്നാം വട്ടമാണ് അൻവർ സാദത്ത് ആലുവയിൽ വിജയകിരീടം ചൂടുന്നത്. 2011ൽ എൽ.ഡി.എഫിൽനിന്ന് സീറ്റ് തിരിച്ചുപിടിച്ച സാദത്ത് 2016ലും വിജയം ആവർത്തിച്ചു. 2006ൽ കെ. മുഹമ്മദാലിയെ 4366 വോട്ടിനാണ് എ.എം. യൂസഫ് പരാജയപ്പെടുത്തിയത്. 2011ൽ 13,214 വോട്ടിന്റെ ഭൂരിപക്ഷത്തോടെ സാദത്ത് കന്നി മത്സരത്തിൽ മണ്ഡലം തിരിച്ചുപിടിച്ചു. 2016ൽ സാദത്ത് ഭൂരിപക്ഷം 18,835 ആയി ഉയർത്തി. ഇക്കുറി കെ. മുഹമ്മദാലിയുടെ മരുമകളെ രംഗത്തിറക്കി തിരിച്ചുപിടിക്കാനാണ് എൽ.ഡി.എഫ് ശ്രമിച്ചതെങ്കിലും നടന്നില്ല. പിണറായി അനുകൂല തരംഗവും കെ. മുഹമ്മദാലിയുടെ വ്യക്തിപ്രഭാവത്തിൽ കോൺഗ്രസിൽ നിന്നും ലഭിക്കുന്ന വോട്ടും നേടി ജയിക്കാമെന്നായിരുന്നു എൽ.ഡി.എഫ് പ്രതീക്ഷിച്ചത്. 18,773 വോട്ട് ലീഡിന് അൻവർ സാദത്ത് സീറ്റുനിലനിർത്തി.