bjp

ആലുവ: ആലുവ മണ്ഡലത്തിൽ ബി.ജെ.പി നേരിട്ടത് കനത്ത തിരിച്ചടി. ഇവിടെ വൻ തോതിലാണ് വോട്ട് ചോർച്ചയുണ്ടായത്. 2016ൽ ലഭിച്ച വോട്ടിനേക്കാളും നാലായിരത്തോളം വോട്ടാണ് ചോർന്നതെങ്കിൽ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 9,000ത്തോളം വോട്ട് ചോർന്നു. ബി.ജെ.പിക്കുണ്ടായ വോട്ട് ചേർച്ചയുടെ പിന്നിൽ ഏതെങ്കിലും നേതാക്കൾക്ക് നേരിട്ട് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം.

30,000ത്തിന് മുകളിൽ വോട്ട് പിടിക്കുമെന്ന് പറഞ്ഞ് പോരാട്ടത്തിനിറങ്ങിയ മുന്നണിക്കാണ് കനത്ത തിരിച്ചടി നേരിട്ടത്. എൻ.ഡി.എ എന്ന പേരിലാണ് പ്രചാരണം നടത്തിയതെങ്കിലും ഘടകകക്ഷികളെ കൂട്ടിയോജിപ്പിച്ചുള്ള പ്രവർത്തനത്തിന് ബി.ജെ.പി നേതൃത്വം സന്നദ്ധമായിരുന്നില്ല. ഇതിനെതിരെ ബി.ഡി.ജെ.എസ് രംഗത്ത് വന്നപ്പോൾ മാത്രമാണ് അവർക്ക് അവസരം നൽകിയത്. എന്നാൽ അപ്പോഴേക്കും ബി.ഡി.ജെ.എസിനോട് താത്പര്യമുള്ളവരെല്ലാം ബി.ജെ.പിക്കെതിരായ നിലപാട് സ്വീകരിച്ചിരുന്നു. ഇതും തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.

ബി.ജെ.പി 2011ൽ 8,264 വോട്ടാണ് നേടിയത്. 2016ൽ 19,349 വോട്ടായി ഉയർത്തി. ഇക്കുറി 15,874 ആയി കുറഞ്ഞു. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 24,000ത്തോളം വോട്ട് ലഭിച്ചിരുന്നു. അവിടെ നിന്നാണ് കൂപ്പുകുത്തിയത്.

2011ൽ യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് ആലുവയിൽ 64,244, 2016ൽ 69,568, ഇക്കുറി 73,703 വോട്ട് നേടി. എന്നാൽ 2011ൽ എൽ.ഡി.എഫ് 51,030 വോട്ടും 2016ൽ 50,733 വോട്ടുമാണ് നേടിയത്. ഇക്കുറി 54,893 വോട്ട് നേടി.

എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് സ്വന്തം ബൂത്തിൽ മൂന്നാം സ്ഥാനം

ആലുവ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ് സ്വന്തം ബൂത്തിൽ മൂന്നാം സ്ഥാനത്തായി. ആലുവ നഗരസഭയിൽ 86ാം ബൂത്തിലായിരുന്നു ഷെൽന നിഷാദിനും കുടുംബത്തിനും വോട്ട്. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് 210 വോട്ട് നേടിയപ്പോൾ ഷെൽനക്ക് ലഭിച്ചത് 117 വോട്ട് മാത്രമാണ്. എൻ.ഡി.എയിലെ എം.എൻ. ഗോപി 164 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. നഗരസഭയിലെ സ്വതന്ത്ര കൗൺസിലറായ കെ.വി. സരളക്ക് ഇവിടെ 15 വോട്ടുണ്ട്. ഷെൽനയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി വി. സലീം, ഷെൽനയെ പരസ്യമായി പിന്തുണച്ച ഭർതൃപിതാവ് കൂടിയായ എ.ഐ.സി.സി. അംഗം കെ. മുഹമ്മദാലി എന്നിവർക്കും ഈ ബൂത്തിലാണ് വോട്ട്. നഗരസഭയിൽ ഈ ബൂത്ത് ഉൾപ്പെടുന്ന പ്രദേശത്ത് ബി.ജെ.പി കൗൺസിലറാണ്.