കരകാണാതെ നയതന്ത്രതല ചർച്ചകൾ
കൊച്ചി: സൂയസ് കനാലിൽ ഗതാഗത തടസത്തിന് ഇടയാക്കിയതിനെ തുടർന്ന് ഈജിപ്ത് തടഞ്ഞുവച്ചിരിക്കുന്ന ഭീമൻ കണ്ടെയ്നർ കപ്പൽ 'എവർ ഗിവണി'ൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള 20 ഇന്ത്യൻ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ആശങ്കയിൽ.
തമിഴ്നാട്ടുകാരനായ ക്യാപ്ടൻ ഉൾപ്പെടെ കപ്പലിലെ 25 ജീവനക്കാരും ഇന്ത്യാക്കാരാണ്. രണ്ട് ജീവനക്കാരെ ഏപ്രിൽ 15നും മൂന്നുപേരെ 29നും മോചിപ്പിച്ചിരുന്നു. ആദ്യത്തെ രണ്ടുപേർ ഇന്ത്യയിലെത്തി. ബാക്കിയുള്ളവരുടെ മോചനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നയതന്ത്രതല ചർച്ചകൾ നടത്തുന്നുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ച സങ്കീർണമായ നിയമപ്രശ്നങ്ങൾ ഉൾക്കൊള്ളുന്നതിനാൽ ജീവനക്കാരെ വിട്ടുകിട്ടുന്നത് ദീർഘമായ പ്രക്രിയയാണ്. ജീവനക്കാരുടെ വിശദാംശങ്ങൾ കപ്പൽ കമ്പനിയോ ഈജിപ്ഷ്യൻ അധികൃതരോ ഇന്ത്യൻ വിദേശകാര്യ - ഷിപ്പിംഗ് മന്ത്രാലയമോ പുറത്തുവിടുന്നില്ല. നാലോ അഞ്ചോ മലയാളി ജീവനക്കാരുമുണ്ടെന്നാണ് സൂചന. കപ്പലിനൊപ്പം ജീവനക്കാരും അറസ്റ്റിലാണെന്നും ഫോണും മറ്റു വാർത്താവിനിമയോപാധികളും ഉപയോഗിക്കാൻ ഇവർക്ക് നിയന്ത്രണങ്ങളുണ്ടെന്നും വിദേശ മാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് കപ്പൽ ഇൻഷ്വറൻസ് കമ്പനി വ്യക്തമാക്കി.
ജപ്പാനിലെ ഷോ കൈസൻ കയ്ഷാ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. കപ്പൽ പിടിച്ചിട്ടതിനെതിരെ കമ്പനിയും ബ്രിട്ടീഷ് ഇൻഷ്വറൻസ് കമ്പനിയായ പി ആൻഡ് ഐ ക്ളബ്ബും ഈജിപ്തിലെ ഇസ്മാലിയ കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
ഈജിപ്തിലെ ഇന്ത്യൻ എംബസിയാണ് ഈജിപ്ഷ്യൻ സർക്കാരുമായും ജാപ്പനീസ് കപ്പൽ കമ്പനിയുമായും ചർച്ചകൾ നടത്തുന്നത്. മാരിടൈം വ്യവഹാരങ്ങൾ ഏറെ നൂലാമാലകളുള്ളതാണ്. കപ്പൽ തടഞ്ഞുവച്ച് നഷ്ടപരിഹാരം വാങ്ങുകയെന്ന തന്ത്രമാണ് പല രാജ്യങ്ങളും അവലംബിക്കാറ്.
നഷ്ടപരിഹാരം 7000 കോടി
കഴിഞ്ഞ മാർച്ച് 23നാണ് 400 മീറ്റർ നീളമുള്ള ലോകത്തെ വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ എവർ ഗിവൺ സൂയസ് കനാൽ തീരത്തെ മണൽതിട്ടയിൽ ഉറച്ച് കനാലിലൂടെയുള്ള ഗതാഗതം ആറുദിവസം തടസപ്പെടുത്തിയത്. തടസം നീക്കിയതിനു പിന്നാലെ 916 ദശലക്ഷം ഡോളർ (ഏകദേശം 7000 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഈജിപ്ത് സർക്കാരിന്റെ കീഴിലുള്ള സൂയസ് കനാൽ അതോറിട്ടി ഏപ്രിൽ 13ന് കപ്പൽ കണ്ടുകെട്ടി. ജീവനക്കാർ ബന്ദികളുടെ അവസ്ഥയിലാണ്. കപ്പൽ ഇപ്പോൾ സൂയസ് കനാലിന്റെ ഭാഗമായ ഗ്രേറ്റ് ബിറ്റർ ലേക്കിലാണ് നങ്കൂരമിട്ടിരിക്കുന്നത്.
കപ്പലിലെ ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണ്. ഇവർക്ക് അവശ്യസാധനങ്ങളെല്ലാം കമ്പനി എത്തിക്കുന്നുണ്ട്. എത്രയും വേഗം ഇവരെ നാട്ടിലെത്തിക്കാനാണ് ശ്രമം.
അരിന്ദം ബാഗ്ചി,
ഇന്ത്യൻ വിദേശകാര്യ വക്താവ്