rtpcr

കൊച്ചി : സർക്കാർ നിർദ്ദേശ പ്രകാരം സ്വകാര്യ ലാബുകളിൽ ആർ.ടി​.പി.സി.ആർ ടെസ്റ്റ് നിരക്ക് കുറച്ചതോടെ ലാബുകളിൽ പരിശോധനയ്ക്ക് എത്തുന്നവരുടെ നീണ്ട നിര. സ‌ർക്കുലർ വന്നതോടെ ലാബുകളിൽ പരിശോധനയും ഉഷാറായി. ആന്റിജൻ ടെസ്റ്റി​ന് തീരുമാനിച്ചവർ വരെ ഇപ്പോൾ ആർ.ടി.പി.സി.ആർ ആണ് എടുക്കുന്നത്. ആന്റിജൻ ഫലം കൃത്യമല്ലാ എന്നുള്ള വാദവും ഇതി​ന് കാരണമാണ്. ആർ.ടി.പി.സി.ആർ ടെസ്റ്റിന് നിരക്ക് കൂടുതലായിരുന്നത് എല്ലാവരെയും ടെസ്റ്റിൽ നിന്നും മാറ്റി നിർത്തിയിരുന്നു.

ഫലം നേരത്തെ ലഭിക്കുന്നതിനാൽ ജോലി ആവശ്യത്തിനും വിദേശത്ത് പോകുന്നവരും സ്വകാര്യ ലാബുകളെയാണ് ആശ്രയി​ച്ചി​രുന്നത്. 1700 രൂപ എന്നത് സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

മറ്റുസംസ്ഥാനങ്ങളുമായുള്ള താരതമ്യം പാടില്ല

മറ്റു സംസ്ഥാനങ്ങളിൽ നിരക്ക് കുറവാണെന്ന കാരണം പറഞ്ഞാണ് പലരും കേരളത്തിൽ തുക കുറയ്ക്കാൻ ആവശ്യപ്പെടുന്നത്. എന്നാൽ ഈ സംസ്ഥാനങ്ങളിൽ 5 ദിവസം എടുത്താണ് ഒരാളുടെ ഫലം നൽകുന്നത്. കൂടാതെ നിലവാരം ഇല്ലാത്ത റീഏജന്റുകളാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ മികച്ച രീതിയിലുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതാരും മനസിലാക്കുന്നില്ല

സി.ബാലചന്ദ്രൻ

എം.എൽ.ഒ.എ സംസ്ഥാന പ്രസിഡന്റ്

കൂടുതൽ തുക ഈടാക്കിയാൽ നടപടി

ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടർന്ന് സ്വകാര്യ ലാബുകൾ പ്രവർത്തനം നിർത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. സർക്കാർ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ നിരക്ക് ഈടാക്കിയാലും നടപടിയുണ്ടാവും. ഇത്തരം ലാബുകൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും.