pic
താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച കൊവിഡ് വാർഡ് ആന്റണി ജോൺ എം. എൽ. എ സന്ദർശിക്കുന്നു

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ പുതിയ കൊവിഡ് വാർഡ് പ്രവർത്തനം ആരംഭിച്ചു.ഓക്സിജൻ സൗകര്യങ്ങളോടു കൂടിയ 25 ബെഡുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. കൊവിഡ് വ്യാപനം സങ്കീ‌ർണമായ സാഹചര്യത്തിലാണ് അടിയന്തര നടപടി. ആന്റണി ജോൺ എം.എൽ.എ,നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. തോമസ്,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എൻ.യു അഞ്ജലി എന്നിവർ വാർഡ് സജ്ജീകരണത്തിന് നേതൃത്വം നൽകി.

അതേസമയം ധർമ്മഗിരി ആശുപത്രിയിൽ 80 ബെഡും ബസേലിയോസ് ആശുപത്രിയിൽ 60 ബെഡും കൊവിഡ് രോഗികൾക്കായി മാറ്റി വച്ചിട്ടുണ്ട്.സി.എഫ്.എൽ.ടി സിയും പ്രവർത്തിക്കുന്നുണ്ട്.കോതമംഗലം മാർ തോമ ചെറിയ പളളിയുടെ പാരീഷ് ഹാളിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച സി.എഫ്.എൽ.ടി.സിയിൽ 75 രോഗികളെ വരെ ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്. നഗരസഭാ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ജനങ്ങൾ ജാഗ്രതപുല‌ർത്തണമെന്ന് നഗരസഭ വൈസ് ചെയർപേഴ്സൺ ആവശ്യപ്പെട്ടു. രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡൊമിസിലറി കെയർ സെന്റ‌ർ കൂടി സജ്ജമാക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.