മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ വാക്സിൻചലഞ്ചിൽ പങ്കാളികളായി വധൂവരന്മാർ മാതൃകയായി. രാമമംഗലം ഉള്ളേലികുന്നിൽ ചിന്ത ഗ്രന്ഥശാല പ്രസിഡന്റ് പി.എസ്. രവീന്ദ്രന്റേയും ഷീല രവീന്ദ്രന്റേയും മകൻ അജയ് രവീന്ദ്രന്റെ വിവാഹത്തിന്റെ സ്നേഹവിരുന്ന് ചുരുക്കിയാണ് 25000 രൂപ വാക്സിൻ ചലഞ്ചിലേക്ക് നൽകിയത്.
അജയും അശ്വതിയും ചേർന്ന് തുക മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ.ഉണ്ണി എന്നിവർക്ക് കൈമാറി. ചടങ്ങിൽ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. മോഹനൻ, ചിന്ത ഗ്രന്ഥശാല സെക്രട്ടറി പി.സി. രഞ്ജിത് എന്നിവർ പങ്കെടുത്തു. ചിന്ത ഗ്രന്ഥശാല നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒന്നുമാത്രമണ് കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് ഗ്രന്ഥശാല പ്രവർത്തനത്തിന്റെ ഭാഗമായി തുകനൽകിയത്.
കൊവിഡ് ബാധിതരായ എല്ലാ കുടുംബങ്ങളിലും ഗ്രന്ഥശാലയുടെ ഭക്ഷ്യക്കിറ്റുകൾ എത്തിക്കുന്നുണ്ട് ,വാക്സിനേഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിന് ഗ്രന്ഥശാലയിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ടെന്ന് ലൈബ്രറി പ്രസിഡന്റ് രവീന്ദ്രനും സെക്രട്ടറി രഞ്ജിത്തും പറഞ്ഞു.