കൊച്ചി: മണ്ഡലത്തിലെ പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പ് കാലത്തുതന്നെ വ്യക്തമായി മനസിലാക്കിയിട്ടുണ്ടെന്നും അതെല്ലാം പരിഹരിക്കുന്നതിന് മുൻകൈയെടുക്കുമെന്നും വൈപ്പിൻ നിയോജക മണ്ഡലത്തിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. അഞ്ചുവർഷം നടത്തേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് മാനിഫെസ്റ്റോ തിരഞ്ഞെടുപ്പ് കാലത്തുതന്നെ പുറത്തിറക്കിയിരുന്നു.
തീരദേശറോഡിന്റെ ശോച്യാവസ്ഥ, കുടിവെള്ളക്ഷാമം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വൈപ്പിൻ മേഖലയിലെ സ്വകാര്യ ബസുകളുടെ നഗരത്തിലേക്കുള്ള പ്രവേശനകാര്യത്തിലും മുൻഗണന നൽകും. കടലാക്രമണത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കും. കാലംതെറ്റിവരുന്ന വേലിയേറ്റത്തെ പ്രതിരോധിക്കാനായി ശാസ്ത്രീയപഠനം നടത്തി പരിഹാരമുണ്ടാക്കും. മണ്ഡലത്തിലെ ടൂറിസംസാദ്ധ്യതകളെ പ്രയോജനപ്പെടുത്തും. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ നടത്തും. മണ്ഡലത്തിലെ രാഷ്‌ട്രീയ,സാമൂഹിക,സാംസ്കാരിക രംഗങ്ങളിൽ പുതിയ ചലനം സൃഷ്ടിക്കാൻ താൻ ശ്രമിക്കുമെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.