# എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിലും ലീഡ്
ആലുവ: കേരളത്തിൽ പിണറായി അനുകൂലതരംഗമുണ്ടായിട്ടും ആലുവയിൽ അൻവർ സാദത്തിന്റെ വൻവിജയം ഇടത് പ്രാദേശിക നേതൃത്വത്തിന് തിരിച്ചടിയായി. മണ്ഡലത്തിലെ ഏക നഗരസഭയിലും എല്ലാ പഞ്ചായത്തുകളിലും അൻവർ സാദത്തിനായിരുന്നു ലീഡ്.
കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ദയനീയ തോൽവി ഏറ്റുവാങ്ങിയ കീഴ്മാട്, എടത്തല ഗ്രാമപഞ്ചായത്തുകളിലും അൻവർ സാദത്തിന് ഭൂരിപക്ഷം ലഭിച്ചു. കീഴ്മാട് 2,375 വോട്ടും എടത്തലയിൽ 2128 വോട്ടിന്റെയും ഭൂരിപക്ഷമുണ്ട്. ഇരുമുന്നണികൾക്കും തുല്യസീറ്റ് ലഭിച്ച നെടുമ്പാശേരി ഗ്രാമപഞ്ചായത്തിൽ അൻവർ സാദത്തിന് 1,897 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഏറ്റവും കൂടുതൽ ഭൂരിപക്ഷം ചൂർണിക്കര ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ 2,749 വോട്ടിന്റെ ലീഡ്. തൊട്ടുതാഴെ ആലുവ നഗരസഭയിൽ 2,612 വോട്ടാണ് കൂടുതലുള്ളത്. ശ്രീമൂലനഗരം 2,418, കാഞ്ഞൂർ 2,019, ചെങ്ങമനാട് 2,140 എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിൽ യു.ഡി.എഫിന് ലഭിച്ച ഭൂരിപക്ഷം.
തപാൽ വോട്ടിലും അൻവർ സാദത്തായിരുന്നു മുന്നിൽ. 428 വോട്ടായിരുന്നു കൂടുതൽ. അൻവർ സാദത്തിന് 1203 വോട്ട് ലഭിച്ചപ്പോൾ ഇടത് സ്ഥാനാർത്ഥി ഷെൽന നിഷാദിന് 775 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി എം.എൻ. ഗോപിക്ക് 223 വോട്ടുമാണ് ലഭിച്ചത്.
ഇത്രയേറെ അനുകൂലതരംഗത്തിലും 2016ൽ അൻവർ സാദത്തിന് ലഭിച്ച ഭൂരിപക്ഷത്തിൽ നിന്നും ഒരു വോട്ടുപോലും കുറക്കാനായില്ലെന്നതും ആലുവയിലെ ഇടത് നേതൃത്വത്തിന് നാണക്കേടായി. 2016ൽ 18,835 ആയിരുന്നു ഭൂരിപക്ഷമെങ്കിൽ ഇക്കുറി 18,886 ആയി ഉയർന്നു.