ആലുവ: ആലുവ മണ്ഡലത്തിൽ ബി.ജെ.പിക്ക് നേരിട്ടത് കനത്ത തിരിച്ചടിയാണ്. ഇവിടെ വൻ തോതിലാണ് വോട്ടുചോർച്ചയുണ്ടായത്. 2016ൽ ലഭിച്ച വോട്ടിനേക്കാളും നാലായിരത്തോളം വോട്ടാണ് ചോർന്നതെങ്കിൽ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 9,000ത്തോളം വോട്ട് കാണാതായി. വോട്ടുചോർച്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചിലർ പരസ്യനിലപാട് സ്വീകരിച്ചുകഴിഞ്ഞു.

30,000ത്തിന് മുകളിൽ വോട്ട് പിടിക്കുമെന്ന് പറഞ്ഞ് പോരാട്ടത്തിനിറങ്ങിയ മുന്നണിക്കാണ് കനത്ത തിരിച്ചടിയുണ്ടായത്. എൻ.ഡി.എ എന്ന പേരിലാണ് പ്രചാരണമെങ്കിലും ഘടകകക്ഷികളെ കൂട്ടിയോജിപ്പിച്ചുള്ള പ്രവർത്തനത്തിന് ബി.ജെ.പി നേതൃത്വം ആദ്യഘട്ടത്തിൽ തയ്യാറായിരുന്നില്ല. ഇതിനെതിരെ ബി.ഡി.ജെ.എസ് രംഗത്തുവന്നപ്പോഴാണ് അവർക്ക് അവസരം നൽകിയത്. എന്നാൽ അപ്പോഴേക്കും ബി.ഡി.ജെ.എസിനോട് താത്പര്യമുള്ളവരെല്ലാം ബി.ജെ.പിക്കെതിരായ നിലപാട് സ്വീകരിച്ചിരുന്നു. ഇതും തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.

2011ൽ 8,264 വോട്ടുനേടിയ ബി.ജെ.പിക്ക് 2016ൽ 19,349 വോട്ടായി കുതിച്ചുയർന്നു. ഇക്കുറി 15,874 ആയി കുറയുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 24,000ത്തോളം വോട്ട് ലഭിച്ചിരുന്നു. അവിടെ നിന്നാണ് കൂപ്പുകുത്തിയത്.

ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ച് പ്രചരണ രംഗത്തുണ്ടായിട്ടും എന്തുകൊണ്ട് വോട്ടുകുറഞ്ഞുവെന്ന് വിലയിരുത്തുകയാണ് ഔദ്യോഗിക ഭാരവാഹികൾ.