കോലഞ്ചേരി: വിജയാഘോഷങ്ങൾ മാറ്റി വച്ചങ്കിലും ഇന്നലെ തിരക്കുകളുടെ ദിനമായിരുന്നു കുന്നത്തുനാട്ടിലെ നിയുക്ത എം.എൽ.എ പി.വി. ശ്രീനിജിന്. മണ്ഡലത്തിലെ എഫ്.എൽ.റ്റി.സി കളിൽ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. മണ്ഡലത്തിലെ പൂതൃക്ക, മഴുവന്നൂർ പഞ്ചായത്തുകളിലെ എഫ്.എൽ.ടി.സികൾ പ്രവർത്തനമാരംഭിക്കുന്നതിനുള്ള നടപടകൾ ആരംഭിച്ചു. പൂതൃക്കയിലാരംഭിക്കുന്ന ഡൊമിസിലറി കെയർ സെന്ററിന്റെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, വൈസ് പ്രസിഡന്റ് സിനി ജോയി, ജിംസി മേരി വർഗീസ്, എൻ.വി.കൃഷ്ണൻകുട്ടി, പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകരൻ, കെ.കെ.സജീവ്, എ.ആർ.രാജേഷ് തുടങ്ങിയവരും സെന്ററിൽ എത്തി. ഇതിന് ശേഷം പുത്തൻകുരിശ് പഞ്ചായത്തിലെ ഡി.സി.സി പ്രവർത്തിക്കുന്ന ബി.ടി.സി സ്‌കൂളിലെത്തി സൗകര്യങ്ങൾ വിലയിരുത്തി. തുടർന്ന് എൽ.ഡി.എഫ് മണ്ഡലംകമ്മിറ്റി ഓഫീസിലെത്തി നേതാക്കളായ സി.ബി. ദേവദർശനൻ, കെ.എസ്. അരുൺകുമാർ, സി.കെ. വർഗീസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഒരു പതിറ്റാണ്ടിന് ശേഷം മണ്ഡലം ഇടത് മുന്നണിക്കായി പിടിച്ചെടുത്ത ശ്രീനിജിനെ തേടി നൂറ് കണക്കിന് അഭിനന്ദന ഫോൺ കോളുകളാണെത്തുന്നത്. ഇതിനെല്ലാം മറുപടി നൽകാനും സമയം കണ്ടെത്തുന്നുണ്ട്.