ആലുവ: കൊവിഡ് നിയന്ത്രണങ്ങൾ പ്രകാരം ബാറുകൾക്ക് പ്രവർത്തനാനുമതി നിഷേധിച്ച സാഹചര്യത്തിൽ വ്യാജവാറ്റും അനധികൃത മദ്യവില്പനയും തടയുന്നതിനായി റൂറൽ ജില്ലയിൽ പൊലീസ് നടപടിയാരംഭിച്ചു. പരിശോധനകൾ കർശനമാക്കി. കഴിഞ്ഞദിവസം വാറ്റുചാരായവുമായി ഉല്ലാസ് തോമസ് എന്നയാളെ കാലടി പൊലീസ് പിടികൂടിയിരുന്നു. കാറിലാണ് ഇയാൾ വില്പന നടത്തിയിരുന്നത്. മുൻകാലങ്ങളിൽ ഇത്തരം കേസുകളിൽ പ്രതികളായിട്ടുള്ളവരുടെ പ്രവർത്തനങ്ങൾ പൊലീസ് നിരീക്ഷിച്ചുവരികയാണ്. ഇവർ വീണ്ടും കേസുകളിൽ ഉൾപ്പെട്ടാൽ കാപ്പ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.