ആലുവ: നഗരസഭ ടൗൺഹാളിന് മുന്നിൽ കുഴിയെടുത്ത് പ്ലാസ്റ്റിക്ക് മാലിന്യം ഉൾപ്പെടെ കുഴിച്ചുമൂടാൻ നടത്തിയ ആരോഗ്യവിഭാഗത്തിന്റെ നീക്കം വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ തടഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച മാലിന്യം ദിവസങ്ങളായി ടൗൺഹാളിന് മുമ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇതേത്തുടർന്ന് ടൗൺഹാൾ സ്ഥിതിചെയ്യുന്ന 12 ാം വാർഡ് കൗൺസിലർ മാലിന്യം അടിയന്തരമായി നീക്കണമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. സൈമണിനോട് ആവശ്യപ്പെട്ടിരുന്നു. രണ്ടുദിവസത്തിനകം നീക്കംചെയ്യാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഞായറാഴ്ച ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് മാലിന്യം കുഴിച്ചുമൂടുന്നതിനുള്ള നീക്കമാണ് നടത്തിയത്. സംഭവമറിഞ്ഞെത്തിയ വാർഡ് കൗൺസിലർ മിനി ബൈജു മാലിന്യം അവിടെ കുഴിച്ചിടുന്നത് തടയുകയായിരുന്നു.
അടുത്തദിവസം ടൗൺഹാളിൽ സി.എഫ്.എൽ.ടി.സി തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.