കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിലെ തിരക്കൊഴിവാക്കാൻ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി. തിരക്കൊഴിവാക്കാനായി ഒരു പദ്ധതി തയ്യാറാക്കി നടപ്പാക്കാനാണ് ആശുപത്രി സൂപ്രണ്ട് ഡോ. അനിതയ്‌ക്കുള്ള നിർദ്ദേശം. ഇതു ഫലപ്രദമായി നടപ്പാക്കാൻ ആശുപത്രി സൂപ്രണ്ടിന് പൊലീസിന്റെ സഹായവും തേടാം. ജനറൽ ആശുപത്രിയിലെ കൊവിഡ് വാക്‌സിനഷൻ സെന്ററിലെ തിരക്കിനെക്കുറിച്ച് ഹൈക്കോടതി ജഡ്‌ജിക്കു ചില പരാതികൾ ലഭിച്ചിരുന്നു. അനിയന്ത്രിതമായ തിരക്ക് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ഇക്കാര്യത്തിൽ ആശുപത്രി സൂപ്രണ്ടിനു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ മതിയായ അളവിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ കഴിയുന്നില്ല. ഇതു മൂലമാണ് തിരക്ക് രൂക്ഷമാകുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാക്സിൻ കേന്ദ്രത്തിലെ തിരക്ക് ഗുരുതരമായ രോഗവ്യാപന സാഹചര്യമുണ്ടാക്കുമെന്ന ആശങ്കയും പരാതിക്കാർ പങ്കുവച്ചിരുന്നു.