ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ പട്ടേരിപ്പുറത്ത് ഏറെ നാളുകളായി തുടരുന്ന കടുത്ത കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാത്ത ഉദ്യോഗസ്ഥ നടപടിയെത്തുടർന്ന് അൻവർ സാദത്ത് എം.എൽ.എ ഉദ്യോഗസ്ഥരുടെ യോഗംവിളിച്ചു. അടുത്തദിവസം അറ്റകുറ്റപ്പണി നടത്തി വെള്ളമെത്തിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
ചൂർണിക്കര പഞ്ചായത്ത് 12 ലക്ഷംരൂപ പട്ടേരിപ്പുറത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുവാൻ മൂന്നുമാസംമുമ്പ് വാട്ടർ അതോറിട്ടിക്ക് നൽകിയെങ്കിലും പട്ടേരിപ്പുറം, ബംഗ്ലാംപറമ്പ്, ജൂബിലി റോഡ് എന്നിവിടങ്ങളിൽ ഇപ്പോഴും കടുത്ത കുടിവൈള്ളക്ഷാമം നേരിടുകയാണ്. പഞ്ചായത്ത് അധികൃതരും നാട്ടുകാരും പ്രതിഷേധവുമായി നിരവധിതവണ രംഗത്തുവന്നിട്ടും നടപടിയില്ലാത്തതിനെത്തുടർന്നാണ് എം.എൽ.എ യോഗം വിളിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, വാർഡ് അംഗം രാജേഷ് പുത്തനങ്ങാടി, വാട്ടർ അതോറിട്ടി എക്‌സി.എൻജിനീയർ, അസി.എൻജിനീയർ തുടങ്ങിയവർ പങ്കെടുത്തു.