വൈപ്പിൻ: എട്ട് ഗ്രാമപഞ്ചായത്തുകളുള്ള വൈപ്പിൻ മണ്ഡലത്തിൽ ഏഴിലും ലീഡ് നേടിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണിക്കൃഷ്ണൻ 8201 വോട്ട് ഭൂരിപക്ഷത്തിൽ സീറ്റ് നില നിർത്തിയത്.10 വർഷമായി എം.എൽ.എ ആയിരുന്ന എസ്. ശർമ്മക്ക് മണ്ഡലത്തിൽ പാർട്ടി വോട്ടുകൾക്ക് പുറമേ വിവിധ സമുദായങ്ങളുമായും വ്യക്തികളുമായുള്ള സൗഹൃദം വിജയത്തിൽ പ്രതിഫലിച്ചിരുന്നു. എന്നാൽ ഇത്തവണ ശർമ്മ മാറി രംഗത്തുവന്ന പുതുമുഖം കെ. എൻ. ഉണ്ണിക്കൃഷ്ണന് അത്തരം സ്വാധീനങ്ങൾക്ക് പരിമിതി ഉണ്ടായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 22000 വോട്ടുകൾക്കും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 9000 വോട്ടുകൾക്കും പിന്നിലായിരുന്നു എൽ.ഡി.എഫ്. ഈ പരിമിതികളെല്ലാം മറികടന്നാണ് ഇത്തവണ എൽ.ഡി.എഫ്. വൈപ്പിൻ മണ്ഡലം നിലനിർത്തിയത്.
എല്ലാ തിരഞ്ഞെടുപ്പിലുമെന്നപോലെ ഇത്തവണയും വടക്കേഅറ്റത്തുള്ള പള്ളിപ്പുറം പഞ്ചായത്താണ് എൽ.ഡി.എഫിന് വൻ ലീഡ് നൽകിയത്. പള്ളിപ്പുറം 5167, കുഴുപ്പിള്ളി 658, എടവനക്കാട് 561, നായരമ്പലം 634, ഞാറക്കൽ 80, എളങ്കുന്നപ്പുഴ 911, കടമക്കുടി 35 എന്നിങ്ങനെയാണ് എൽ.ഡി.എഫിന് പഞ്ചായത്തുതല ലീഡ്. മുളവുകാട് മാത്രം 46 വോട്ടുകൾക്ക് പിന്നിലായി. പോസ്റ്റൽ വോട്ടുകളിൽ199 വോട്ട് ലീഡുണ്ട്.
ട്വന്റി 20യുടെ ഡോ. ജോബ് ചക്കാലക്കൽ16707 വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തി. ബി.ജെ.പിയുടെ കെ. എസ്. ഷൈജു13540 വോട്ട് നേടി.