ഫോർട്ട്കൊച്ചി: കൊവിഡ് വ്യാപനത്തെ തുടർന്ന് ഫോർട്ട്കൊച്ചി ബീച്ചിന് പൂട്ടുവീണതോടെ നൂറുകണക്കിന് ചെറുകിട കച്ചവടക്കാർ ദുരിതത്തിൽ.സൗത്ത് ബീച്ചും പൊലീസ് ബാരിക്കേഡ് കൊണ്ട് അടച്ചു പൂട്ടിയിരിക്കുകയാണ്. രോഗികളുടെ എണ്ണം കുറഞ്ഞതോടെ കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ബീച്ചുകൾ തുറന്നു കൊടുത്തത്. കൂടുതൽസഞ്ചാരികൾ ബീച്ചിൽ എത്തി തുടങ്ങിയത് വ്യാപാരികൾക്ക് പ്രതീക്ഷ നൽകി. എന്നാൽ രണ്ടാം തരംഗം ശക്തമായതോടെ വരുമാന മാർഗം അടയുഞ്ഞ അവസ്ഥയിലായി.
നിലവിൽ ബീച്ചിൽ പ്രവർത്തിക്കുന്നത് മീൻ തട്ടുകൾ മാത്രമാണ്. ആളു കുറഞ്ഞതു ഇവർക്കും തിരിച്ചടിയായി. ചീനവലയിൽ നിന്നും ലഭിക്കുന്ന മീനുകൾ ലേലത്തിൽ വാങ്ങാൻ എത്തുന്ന ചില കച്ചവടക്കാരെ ഒഴിച്ചാൽ വേറെ ആരും ഇല്ലാത്ത സ്ഥിതിയാണ്.മറ്റ് പരദേശത്ത് നിന്നും എത്തുന്നവർക്ക് ചീനവലയിൽ നിന്നും ലഭിക്കുന്ന മീനുകൾ ലേലം ചെയ്ത് വിളിക്കാൻ പൊലീസ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു. വിലക്കുകൾ ലംഘിച്ച് ബീച്ചിൽ വരുന്നവരെ തുരത്താൻ പിങ്ക് പൊലീസിനെയടക്കം ഇവിടെ നിയോഗിച്ചിട്ടുണ്ട്.