കൊച്ചി: തന്റെ ജീവനായ മഹീന്ദ്ര എം.എ 540 ജീപ്പ് ഇനി നാരായണദാസിനൊപ്പമില്ല. കൊവിഡ് മഹാമാരിയുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ വാക്സിൻ വാങ്ങാനുള്ള തന്റെ വിഹിതമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം തന്റെ ജീപ്പ് നൽകി. സി.പി.എം സൗത്ത് പറവൂർ ലോക്കൽ കമ്മിറ്റി അംഗം പൂത്തോട്ട മഠത്തിക്കാട്ടിൽ എം.പി.നാരായണ ദാസാണ് തന്റെ ജീവിതത്തിന്റെ ഭാഗമായ ജീപ്പ് കൈമാറിയത്.
ജീവിതത്തിന്റെ പരീക്ഷണ ഘട്ടങ്ങളിൽ എന്നോടൊപ്പം ഉണ്ടായിരുന്നതാണ് ഈ ജീപ്പ്. സംസ്ഥാനത്തെ എല്ലാജില്ലകളിലും എനിക്ക് ഇവൻ അകമ്പടി സേവിച്ചിരുന്നു. ലോക തൊഴിലാളി ദിനത്തിൽ തന്നെ ജീപ്പ് കൈമാറാൻ കഴിഞ്ഞത് തന്നെ വലിയ സന്തോഷമുള്ള കാര്യമാണ് - നാരായണദാസ് പറഞ്ഞു.
1988 മോഡൽ കെഡിഇ 986 എന്ന നമ്പറിലുള്ള ജീപ്പാണിത്. കൊവിഡ് വന്ന് ചികിത്സ തേടിയിട്ടുള്ളതിനാൽ കൊവിഡ് ബാധിതരുടെ പ്രശ്നങ്ങൾ എനിക്ക് മനസ്സിലാകും. അതിനാലാണ് വാക്സിൻ ചലഞ്ചിൽ എന്നെക്കൊണ്ടു പറ്റുന്ന തരത്തിൽ പങ്കാളി ആകണം എന്ന ചിന്ത വന്നത്. ഇനിയും തുടർന്ന് ജനങ്ങളുടെ രക്ഷയ്ക്കായുള്ള എല്ലാ പ്രവർത്തനങ്ങളിലും ഞാൻ പങ്കാളിയാകും. അതിന്റെ തുടക്കമാണിതെന്നും നാരായണദാസ് കൂട്ടിച്ചേർത്തു.
സി.പി.എം ജില്ല സെക്രട്ടറി സി.എൻ.മോഹനൻ ജീപ്പ് ഏറ്റുവാങ്ങി. ടി സി ഷിബു ,പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി,പി.കെ ബാബു എന്നിവർ സന്നിഹിതരായിരുന്നു.