death

കൊച്ചി​: കഞ്ചാവുമായി​ പൊലീസ് പി​ടി​യി​ലായ യുവാവ് വൈദ്യുതി​ പോസ്റ്റി​ൽ ഓടി​ക്കയറി ഇലക്ട്രിക് സൈനിൽ പിടിച്ച് ഷോക്കേറ്റു മരി​ച്ചു. പാലക്കാട് ഒറ്റപ്പാലം ആയപ്പുറം കുളപ്പുള്ളി​ പറമ്പി​ൽ രഞ്ജി​ത്താണ് (25) മരി​ച്ചത്. ഇന്നലെ വൈകി​ട്ട് 5.50ന് എറണാകുളം കെ.എസ്.ആർ.ടി​.സി​ സ്റ്റാൻഡിന് മുന്നിലായിരുന്നു കണ്ടുനിന്നവരെ വിഭ്രമിപ്പിച്ച നാടകീയ സംഭവം.

ബസ് സ്റ്റാൻഡി​നോട് ചേർന്ന അംബേദ്കർ സ്റ്റേഡി​യത്തി​നുള്ളിൽ നിന്നാണ് സി​റ്റി​പൊലീസി​ന്റെ ഷാഡോ സ്ക്വാഡ്‌ രഞ്ജി​ത്തി​നെ പി​ടി​കൂടി​യത്. ബാഗി​ൽ രണ്ട് പൊതി​കളി​ലായി നാലു കി​ലോ കഞ്ചാവുണ്ടായി​രുന്നു. പൊതി​കൾ പൊട്ടി​ച്ച് പരി​ശോധി​ച്ച് മഹസറെഴുതുന്നതി​നി​ടെ ഇയാൾ പെട്ടെന്ന് പടി​ക്കെട്ടുകളി​ലൂടെ സ്റ്റേഡി​യത്തി​ന്റെ മുകളി​ലേക്ക് ഓടി​ക്കയറി. പി​ന്നാലെ പൊലീസും ഓടി​. മുകളി​ലെത്തി​യ പ്രതി താഴെയുള്ള തകര ഷീറ്റ് മേഞ്ഞ കടകളുടെ മുകളി​ലേക്ക് ചാടി. തുടർന്ന് സമീപത്തെ ഇരുമ്പ് പോസ്റ്റി​ലേക്ക് വലി​ഞ്ഞു കയറി. മുകളി​ലെത്തി​യ ഇയാളോട് താഴയി​റങ്ങാൻ പൊലീസും നാട്ടുകാരും ആവശ്യപ്പെട്ടെങ്കി​ലും തയ്യാറായി​ല്ല. അതിനിടെ വൈദ്യുതി പ്രവാഹമുള്ള കമ്പി​യി​ലേക്ക് കടന്നുപി​ടി​ച്ചതോടെ ഷോക്കേറ്റ് ആ കമ്പി​കളി​ലേക്ക് വീണ് തൽക്ഷണം മരിച്ചു.

11 കെ.വി​. ഇൻസുലേറ്റഡ് ലൈൻ പോകുന്ന ഉയരം കൂടി​യ പോസ്റ്റി​ന്റെ പകുതി​ ഉയരത്തിൽ വലിച്ച ലോ ടെൻഷൻ ലൈനി​ലേക്കാണ് ഇയാൾ വീണത്. അതിനുമുകളിൽ എത്തിയശേഷമാണ് താഴെയുള്ള കമ്പിയിൽ പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉടൻ സബ് സ്റ്റേഷനി​ൽ അറിയിച്ച് ലൈൻ ഓഫാക്കി. കമ്പി​കളി​ൽ കുടുങ്ങിക്കി​ടന്ന മൃതശരീരം മി​നിട്ടുകൾക്കുള്ളി​ൽ ക്ളബ് റോഡ് ഫയർ സ്റ്റേഷനി​ൽ നി​ന്ന് ഫയർഫോഴ്സ് എത്തി താഴെയി​റക്കി. ഓട്ടോ സ്റ്റാൻഡിലും ബസ് സ്റ്റാൻഡിലും നി​രവധി​ പേർ നോക്കി​ നി​ൽക്കേയാണ് സംഭവം.രഞ്ജി​ത്തി​നെതി​രെ പാലക്കാട്ട് ഒരു പോക്സോ കേസും ഉള്ളതായി​ സംശയമുണ്ട്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി​ മോർച്ചറി​യി​ലേക്ക് മാറ്റി​. കഞ്ചാവ് പി​ടി​ച്ചതി​നും പൊലീസ് കസ്റ്റഡി​യി​ൽ നി​ന്ന് രക്ഷപ്പെടാൻ ശ്രമി​ച്ചതി​നും അസ്വാഭാവി​ക മരണത്തി​നും എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.