11

തൃക്കാക്കര: പൂനെയിൽ ആറു കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ വൈഗ കൊലക്കേസ് പ്രതി​യും വൈഗയുടെ പി​താവുമായ സാനു മോഹന്റെ ഫ്‌ളാറ്റ്‌ മുംബയ് പൊലീസ് ഇന്ന് പരിശോധിക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് സബ് ഇൻസ്‌പെക്ടർ വിജയ് ചൗധരിയുടെ നേതൃത്വത്തിൽ നാലംഗ സംഘം അന്വേഷണം നടത്തുന്നത്. വൈഗ കൊലക്കേസിൽ കസ്റ്റഡി കാലാവധി പൂർത്തിയാക്കിയ സാനുവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് തൃക്കാക്കര പൊലീസ് ഇയാളെ കാക്കനാട് ഫാസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് ജില്ലാ ജയിലിലേക്ക് മാറ്റി.

പൂനെയിൽ ശ്രീസായ് മെറ്റൽസ് എന്ന പേരിൽ ലെയ്ത്ത് ബിസിനസ് നടത്തിയിരുന്നപ്പോൾ സ്റ്റീൽ വാങ്ങിയ വകയിൽ ആറുകോടി രൂപയുടെ തട്ടിപ്പ് നടത്തി​യെന്നാണ് കേസ്. ഈ കേസിൽ സാനുമോഹന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള മുംബയ് പൊലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ഇന്നലെ അഞ്ചുമണിയോടെ ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തി​യത്.

രാവിലെയാണ് കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്‌ളാറ്റിൽ പരിശോധന നടത്തുക. അതിനു ശേഷം ഉച്ചയോടെ ജില്ലാ ജയിലിലെത്തി സാനുവിന്റെ മൊഴി രേഖപ്പെ‌ടുത്തും. ആലപ്പുഴയിലെത്തി സാനുവിന്റെ ഭാര്യ രമ്യയെയും സംഘം ചോദ്യം ചെയ്യും.