കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൊച്ചി കോർപ്പറേഷനുമായി സഹകരിക്കാമെന്ന് നേവിയുടെ ഉറപ്പ്. സതേൺ നേവൽ കമാൻഡ് ഓഫീസിൽ മേയർ അഡ്വ.എം. അനിൽകുമാറുമായി നടന്ന കൂടിക്കാഴ്ചയിൽ ഫ്‌ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ അനിൽകുമാർ ചാവ്‌ലയാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രക്ഷാപ്രവർത്തനങ്ങളിലും സഹായിക്കാൻ നേവി സജ്ജമാണെന്ന് അദ്ദേഹം ഉറപ്പുനൽകി.
ആവശ്യമെങ്കിൽ വാക്‌സിനേഷൻ ക്യാമ്പിന് നഴ്‌സിംഗ് സഹായം നൽകും. ക്യാമ്പ് സംഘാടനത്തിനായി ജീവനക്കാരെ വിട്ടുനൽകും. അടിയന്തരസാഹചര്യത്തിൽ നേവി ഹോസ്പിറ്റലിൽ ചികിത്സാസൗകര്യം ഒരുക്കും. തീവ്രമായ രോഗവ്യാപനമുണ്ടായാൽ പരിശീലനം സിദ്ധിച്ച മെഡിക്കൽ സ്റ്റാഫിന്റെ സഹായം ലഭ്യമാക്കും. കൊവിഡ് കൺട്രോൾ റൂമിന്റെ സുഗമമായ പ്രവർത്തനത്തിനാവശ്യമായ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. മൊബൈൽ മെഡിക്കൽ യൂണിറ്റിലെ ആംബുലൻസിൽ ആവശ്യമായ മരുന്ന് നേവി എത്തിക്കും. ഐ.എൻ.എസ് കമാൻഡിംഗ് ഓഫീസർ കമ്മഡോർ അനിൽ ജോസ് ജോസഫും പങ്കെടുത്തു. കൊവിഡ് ബാധിതർക്കായി നഗരസഭ ടി.ഡി.എം ഹാളിൽ നടത്തിവരുന്ന ഭക്ഷണ വിതരണത്തിന് ആവശ്യമായ സഹായം നൽകാനും സമ്മതം അറിയിച്ചതായി മേയർ പറഞ്ഞു.