കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ തിരിച്ചടിയിൽ നേതൃത്വത്തെ നേരിട്ടും പരോക്ഷമായും വിമർശിച്ച് നേതാക്കൾ രംഗത്തെത്തി. തൃപ്പൂണിത്തുറ തിരിച്ചുപിടിച്ച കെ. ബാബുവും തൃക്കാക്കര നിലനിറുത്തിയ പി.ടി. തോമസും പ്രതികരിച്ചവരുടെ കൂട്ടത്തിലുണ്ട്.
പാപഭാരം എല്ലാവർക്കും: പി.ടി. തോമസ്
പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരിൽ എൽ.ഡി.എഫിനെ എഴുതിത്തള്ളിയവരാണ് തോൽവിയുടെ പാപഭാരം ഏൽക്കേണ്ടത്. പാർലമെന്റ് തിരഞ്ഞെടുപ്പിലെ ആവേശം ആലസ്യമായി മാറിയതും തിരിച്ചടിയായി. സ്വയം അന്വേഷണത്തിന് തയ്യാറാകണം. പരാജയത്തിന്റെ ഉത്തരവാദിത്വം ആരുടെയെങ്കിലും പേരിൽ കെട്ടിവയ്‌ക്കേണ്ട. പരാജയത്തിൽ ഞാനുൾപ്പെടെ എല്ലാ നേതാക്കൾക്കും ഉത്തരവാദിത്വമുണ്ട്. പോരായ്മ കണ്ടറിഞ്ഞ് പരിഹരിക്കാൻ എല്ലാവരും ശ്രമിക്കുകയാണ് വേണ്ടത്. നേതൃമാറ്റം ചർച്ച ചെയ്തിട്ട് കാര്യമില്ല. കൂട്ടായ ആലോചനയിലൂടെ പ്രശ്‌നങ്ങൾ പരിഹരിച്ച് സംഘടനാദൗർബല്യം പരിഹരിക്കുകയാണ് വേണ്ടത്.
പരിശോധിക്കണം: കെ. ബാബു
രാഷ്ട്രീയമല്ല, സമുദായമാണ് കേരളത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. രാഷ്ട്രീയത്തിനപ്പുറമുള്ള വിഷയങ്ങൾ വരികയും ചെയ്തു. നേതൃത്വത്തിന് വീഴ്ചയുണ്ടായോയെന്ന് അറിയില്ല. പരിശോധിക്കണം. ചില മേഖലകളിലുണ്ടായ തിരിച്ചടിയാണ് യു.ഡി.എഫിന് വിനയായത്.