
കളമശേരി: നിയന്ത്രണം ശക്തമാക്കിയെങ്കിലും ജനം ഇന്നലെയും തെരുവിലിറങ്ങി. അനാവശ്യകാര്യങ്ങൾ പുറത്തിറങ്ങിയ ആളുകൾക്ക് പൊലീസ് ഫൈൻ ഈടാക്കി. ലോറി, പിക്കപ്പ് വാൻ തുടങ്ങിയ വാഹനങ്ങളിൽ ഡ്രൈവറും കിളിയും കൂടാതെ ആളുകളെ കയറ്റിയതിനും പൊലീസ് പിഴയിട്ടു. ശരിയായ രീതിയിൽ മാസ്ക് ധരിക്കാതെയും ഹെൽമറ്റ് ഇല്ലാതെയും ഇന്നലെയും ആളുകൾ റോഡിലിറങ്ങി. അതേസമയം അത്യാവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമാണ് കളമശേരി ,ഏലൂർ നഗരസഭകളിൽ പ്രവർത്തിച്ചത്. പാതാളം ജംഗ്‌ഷനിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പരിശോധന നടത്തിയത്. പാതാളം പാലത്തിനിപ്പുറം ബിനാനി പുരം പൊലീസും സന്നദ്ധ പ്രവർത്തകരും പരിശോധനക്കായി രംഗത്തുണ്ടായിരുന്നു. ഇ.എസ്.ഐ ഡിസ്പെൻസറിയിലും ആശുപത്രിയിലും തിരക്ക് കുറഞ്ഞു.