hibi-edan

കൊച്ചി: 'ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്ക് ഇനിയും വേണോ?' ചോദ്യം ഹൈബി ഈഡൻ എം.പിയുടേത്. തിരഞ്ഞെടുപ്പിലെ വൻതിരിച്ചടിക്ക് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെ മാറണമെന്ന ആവശ്യത്തിന് എരിവ് പകർന്നാണ് ഹൈബി ഫേസ്ബുക്കിൽ ഈ ചോദ്യം ഉന്നയിച്ചത്. ഒറ്റവരി പോസ്റ്റാണ് ഹൈബിയുടേത്. പേരെടുത്ത് പറയുന്നുമില്ല. പിന്തുണച്ചും എതിർത്തും പരിഹസിച്ചും കമന്റുകളും തുടരുകയാണ്. ഒരു പ്രസിഡന്റല്ല, ദേശീയ പ്രസിഡന്റും മാറണ്ടേയെന്ന് കമന്റിട്ടവരും നിരവധി. കെ.പി.സി.സി പ്രസിഡന്റ് മാത്രമല്ല, പ്രതിപക്ഷനേതാവുൾപ്പെടെ മാറണമെന്ന ആവശ്യവും കമന്റുകളിലുണ്ട്.

ജനവിധി മാനിക്കുന്നതായും സർക്കാരിനെ അഭിനന്ദിക്കുന്നതായും വോട്ടെണ്ണൽ ദിനത്തിൽ ഹൈബി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അഞ്ചു വർഷം ക്രിയാത്മകമായ പ്രതിപക്ഷമായി എൽ.ഡി.എഫ് സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടാനും പലതും തിരുത്തിക്കാനും സാധിച്ചു. ദൗർഭാഗ്യവശാൽ അവ ജനങ്ങളിലേക്ക് എത്തിക്കുന്ന സംഘടനാസംവിധാനം ഇല്ലാതെപോയി. പൂർണ ഉത്തരവാദിത്വം കേരളത്തിലെ മുഴുവൻ നേതാക്കൾക്കും താനുൾപ്പെടെയുള്ള ജനപ്രതിനിധികൾക്കുമുണ്ട്.

ടി.പി. ചന്ദ്രശേഖരൻ ക്രൂരമായി കൊല്ലപ്പെട്ടശേഷം കേരളത്തിൽ സി.പി.എം ഇനിയുണ്ടാകുമോയെന്ന ആശങ്ക പലർക്കുമുണ്ടായിരുന്നു. സംഘടനാമികവ് കൊണ്ട് സി.പി.എം വലിയ തിരിച്ചുവരവ് നടത്തി. ജനപക്ഷത്ത് നിൽക്കുന്ന കോൺഗ്രസിന് മുന്നേറ്റം നടത്താൻ സാധിക്കുന്നുമില്ല. തോൽവി നേതാക്കൾക്കും പ്രവർത്തകർക്കും വലിയ തിരിച്ചറിവാകണം. കോൺഗ്രസ് ഒരു പാർട്ടി മാത്രമല്ല, സംസ്‌കാരം കൂടിയാണ്. തിരിച്ചുവന്നേ മതിയാവൂയെന്നും ഹൈബി പറഞ്ഞിരുന്നു.