vaccine

കൊച്ചി: ജില്ലയിലെ വാക്സിൻ ക്ഷാമം രൂക്ഷമായതും രണ്ടാം ഡോസ് എടുക്കാൻ ആകാത്തതും ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നു. പലർക്കും രണ്ടാമത്തെ ഡോസ് എടുക്കേണ്ട സമയമായിട്ടും വാക്സിൻ ലഭിക്കാത്ത സാഹചര്യമാണ് നിലവിൽ. ഓൺലൈനിൽ ബുക്ക് ചെയ്യാൻ ശ്രമിച്ചിട്ടും സ്ലോട്ട് ലഭിക്കുന്നില്ല. സെക്കൻഡ് ഡോസ് എടുക്കാൻ പറ്റാത്തവർ എന്ത് ചെയ്യണം എന്നുള്ള കാര്യങ്ങളും വ്യക്തമല്ല. ജില്ലയിൽ വാക്സിൻ ക്ഷാമം അതിരൂക്ഷമായതിനാൽ വരും ദിവസങ്ങളിൽ ഇനി എന്തു ചെയ്യുമെന്ന അനിശ്ചിതത്വത്തിലാണ് ആരോഗ്യ പ്രവർത്തകർ.

ജില്ലയിൽ ഫസ്റ്റ് ഡോസും സെക്കന്റ് ഡോസു അടക്കം ഇതുവരെ 8,50,136 പേർക്കാണ് വാക്സിൻ നൽകിയിട്ടുള്ളത്.

ജില്ലയിൽ ഇതുവരെ വാക്സിൻ എടുത്തവർ

കൊവിഡ്ഷീൾഡ് ആദ്യ ഡോസും രണ്ടാം ഡോസും എടുത്തവർ

ആരോഗ്യ പ്രവർത്തകർ- 73830- 56793

മുന്നണിപ്പോരാളികൾ- 44568- 23967

45-60നും ഇടയിൽ പ്രായമുള്ളവർ-181710-14988

60 വയസ്സിനു മുകളിൽ പ്രായമുള്ളവർ-336406- 57647

ആകെ- ആദ്യ ഡോസ് 636514, രണ്ടാം ഡോസ്-153395

കൊവാക്സിൻ എടുത്തവർ

ആരോഗ്യ പ്രവർത്തകർ- 368-393

മുന്നണിപ്പോരാളികൾ- 5174-4159

45-60നും ഇടയിൽ പ്രായമുള്ളവർ-27188-1075

60നു മുകളിൽ പ്രായമുള്ളവർ- 18556-3314

ആകെ-ആദ്യ ഡോസ്-51286, രണ്ടാം ഡോസ് -8941

ഓൺലൈനിൽ ബുക്ക് ചെയ്തില്ലെങ്കിലും വാക്സിൻ എടുക്കാം

രണ്ടാം ഡോസ് വാക്സിന് ഓൺലൈനിൽ ബുക്ക് ചെയ്യാൻ പറ്റിയില്ലെങ്കിൽ ഭയപ്പെടേണ്ട കാര്യമില്ല. അതിനായി വാർ‌‌ഡ് മെമ്പർ, കൗൺസിലർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ആശാ പ്രവർത്തക, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് എന്നിവരുടെ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടാൽ രജിസ്റ്റർ ചെയ്തു നൽകും. അതത് വാർഡിൽ മുൻഗണന ക്രമത്തിലായിരിക്കും ഇവർ രജിസ്റ്റർ ചെയ്തു നൽകുക. നിലവിൽ സ്പോട്ട് രജിസ്ട്രേേഷൻ നടത്തില്ല. ഇവരുമായി ബന്ധപ്പെട്ടാൽ മാത്രമേ വാക്സിൻ എടുക്കാൻ സാധിക്കൂ. ജില്ലയിൽ 5 ലക്ഷം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകാനുണ്ട്. ഇതിൽ 2 ലക്ഷം പേർക്ക് നിലവിൽ വാക്സിൻ എടുക്കാനുള്ള സമയം ആയിട്ടുണ്ട്.

രണ്ടാം ഡോസ് എടുക്കാൻ താമസിച്ചാൽ ഭയപ്പെടേണ്ട ആവശ്യമില്ല. ഇതുമൂലം മറ്റ് അസ്വസ്ഥതകൾ ഉണ്ടാകില്ല. എന്നാൽ ജില്ലയിൽ വാക്സിൻ ക്ഷാമം രൂക്ഷമാണ്. ഉണ്ടായിരുന്ന 8000 ഡോസ് ഇന്നലെ തീർന്നു. അടുത്ത ദിവസങ്ങളിൽ നൽകാൻ നിലവിൽ വാക്സിൻ ഇല്ല.

എൻ.ജി.ശിവദാസ്

വാക്സിൻ - ജില്ലാ നോ‌ഡൽ ഓഫീസർ