b
മണ്ണൂർ പോഞ്ഞാശേരി റോഡിന്റെ ടാറിംഗ് ജോലികൾ പുരോഗമിക്കുന്നു

 ടാറിംഗിന് തുടക്കം

കുറുപ്പംപടി : മണ്ണൂർ - പോഞ്ഞാശേരി റോഡിന്റെ ടാറിംഗ് ജോലികൾക്ക് തുടക്കം. കർത്താവുപടി മുതൽ വാരിക്കാടുവരെ ടാറിംഗിന് മുന്നോടിയായുള്ള പ്രൈമിംഗ്‌ കോട്ട് എമൽഷൻ അടിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. ഇതിനുമുകളിൽ ടാക്ക് കോട്ടുകൂടി അടിച്ചതിനുശേഷമാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള ടാറിംഗ് ആരംഭിക്കുന്നത്. 5.250 കിലോമീറ്റർ ദൂരത്തിൽ ജി.എസ്.ബി വിരിച്ച് റോഡ് ബലപ്പെടുത്തിയിട്ടുണ്ട്. 2.500 കിലോമീറ്റർ ദൈർഘ്യത്തിൽ വെറ്റ് മിക്സ് കൂടി വിരിച്ചു ബലപ്പെടുത്തിയ ഭാഗത്താണ് നാളെ മുതൽ ടാറിംഗ് തുടങ്ങുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു.

 13 കലുങ്കുകൾ റെഡി

13 കലുങ്കുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. പദ്ധതിയിൽ ആദ്യം ഉണ്ടായിരുന്ന കലുങ്കുകൾക്ക് പുറമെ 4 ചെറിയ കലുങ്കുകൾകൂടി നിർമ്മിക്കേണ്ടി വന്നു . ഇതിൽ മൂന്നെണ്ണം മണ്ണൂർ ജംഗ്ഷനിലാണ് നിർമ്മിച്ചത്. വളയൻചിറങ്ങര ഭാഗത്തെ ഡ്രെയിനേജിന്റെ നിർമ്മാണം പൂർത്തിയായി. വളയൻചിറങ്ങര ഐ.ടി.ഐയോട് ചേർന്നുള്ള കലുങ്കിലേക്ക് ഇത് ചേർക്കും. പരുത്തിയേലിപ്പടിയിൽ നിർമ്മിക്കുന്ന കലുങ്കിന്റെ ജോലി പകുതി പൂർത്തിയായി. ഇവിടെ കാനയുടെ ഉയരം കൂട്ടേണ്ടിവരും. പൂണൂർ ഭാഗത്ത് 150 മീറ്റർ ദൂരത്തിൽ ടൈൽ വിരിക്കും. മറ്റു ഭാഗങ്ങൾ നവീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കും.

 നിർമ്മാണം വേഗത്തിലാക്കും

തിരഞ്ഞെടുപ്പ് സമയത്ത് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുവാൻ കിഫ്‌ബി നിർദ്ദേശിച്ചിരുന്നു. തുടർന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കിഫ്‌ബി അധികൃതരുമായി സംസാരിച്ചു റോഡ് നിർമ്മാണം പുനരാരംഭിക്കുന്നതിന് തീരുമാനം എടുക്കുകയായിരുന്നു. 11 കിലോമീറ്റർ ദൂരത്തിലുള്ള റോഡിന്റെ 2.500 കിലോമീറ്റർ ദൂരം ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിന് മറ്റൊരു പദ്ധതിയായി കിഫ്‌ബിയിൽ സമർപ്പിച്ചിരിക്കുകയാണ്. റോഡിന്റെ വശങ്ങളിൽ ടൈൽ വിരിച്ചു മനോഹരമാക്കും. കനാലുകളുടെ വശങ്ങളിൽ കൈവരികൾ സ്ഥാപിക്കുന്നതിനും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.