കൊച്ചി: ചരിത്രവിജയം നേടി അധികാരത്തിലെത്തുന്ന പുതിയ സർക്കാരിനെ സ്വാഗതം ചെയ്ത് കേരളത്തിലെ നിർമാണ മേഖല. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറ്റുന്നതിൽ മുൻസർക്കാർ കൈവരിച്ച നേട്ടങ്ങൾ ശക്തമായി തന്നെ തുടരണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട് കേരള ചെയർമാൻ എൽ. ഗോപകുമാർ പറഞ്ഞു.

കെട്ടിട നിർമാണ ചട്ടങ്ങളിൽ വരുത്തിയ കാലാനുസൃതമായ മാറ്റങ്ങൾ കൊവിഡ് പ്രതിസന്ധി കാലത്തും നിർമാണരംഗത്ത് ഉണർവേകി. നവകേരള സൃഷ്ടിക്കായി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ ആർക്കിടെക്ടുകൾ സദാ സന്നദ്ധരാണ്.
നിർമാണ മേഖലയിലെ സാങ്കേതിക വിദഗ്ദ്ധരെയും ഉദ്യോഗസ്ഥ മേധാവികളെയും ചേർത്ത് രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് വളരെ ഗുണകരമാണ്. കെട്ടിട നിർമാണ അനുമതി പൂർണമായും ഡിജിറ്റലൈസ് ചെയ്ത് അഴിമതി മുക്തമാക്കണം. ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് നിർവഹണത്തിൽ കേരളത്തെ മുൻനിരയിലേയ്ക്ക് കൊണ്ടുവരാൻ സഹയിക്കും.
ഡിസൈൻ കേരളം പദ്ധതി സജീവമാക്കി സംസ്ഥാനത്തെ ആഗോള ഡിസൈൻ കേന്ദ്രമാക്കി മാറ്റാനുള്ള പരിശ്രമം തുടരണമെന്നു ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടു. ഏറ്റവുമധികം തൊഴിലാളികൾ പണിയെടുക്കുന്ന നിർമാണ മേഖലയെ പ്രത്യേക പരിഗണന നൽകി വികസനത്തിന് ആക്കം കൂട്ടണം. പുതിയ സർക്കാരിന് ലൈഫ് മിഷൻ, പൊതുയിടങ്ങൾ, ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ പശ്ചാത്തല സൗകര്യങ്ങൾ മുതലായവയുമായി സഹകരിച്ചു പ്രവർത്തിക്കും. അത്തരം പദ്ധതികൾ കൂടുതൽ മനോഹരവും ഉപയോഗക്ഷമവുമാക്കാമെന്ന നിർദേശവും ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.