കൊച്ചി: നിശ്ചിത യാത്രക്കാർ ഉറപ്പാകുന്ന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ആവശ്യമെങ്കിൽ കൂടുതൽ ബോണ്ട് (ബസ് ഓൺ ഡിമാന്റ്) സർവീസുകൾ നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി. കൊവിഡ് രോഗപ്രതിരോധ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സുഗമമായ പൊതുഗതാഗതം ഉറപ്പാക്കാൻ കെ.എസ്.ആർ.ടി.സി. പ്രധാന റൂട്ടുകളിൽ ഉൾപ്പെടെ കാര്യമായ മാറ്റങ്ങളില്ലാതെ ബസുകൾ സർവീസ് തുടരും. തീരെ ആളുകൾ കുറവുള്ളതും കണ്ടെയ്ൻമെന്റ് സോണുകൾ വഴിയുള്ളതുമായ ബസുകൾ മാത്രമാണ് ജില്ലയിൽ നിലവിൽ ഒഴിവാക്കിയിട്ടുള്ളത്. പ്രധാന റൂട്ടുകളിൽ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് മണി വരെയുള്ള സമയത്തെ ബസുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുത്തിയിട്ടില്ല. വിവിധ ജില്ലകളെ ബന്ധിപ്പിച്ചുള്ള ദീർഘദൂര സർവീസുകൾ തുടരുന്നതായും ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ വി.എം. താജ്ജുദ്ദീൻ അറിയിച്ചു.