കോലഞ്ചേരി: കൊവിഡ് പ്രതിരോധ ഡ്യൂട്ടിക്കിടെ പൊലീസുകാർക്ക് കൊവിഡ് പടരുന്നു. കൂടെ ജോലി ചെയ്തവരെ ക്വാറന്റെയിനിലാക്കാൻ നടപടിയില്ലാത്തതിലും രോഗബാധിതരായവരെ യഥാസമയം പിൻവലിക്കാതെ ഡ്യൂട്ടി പൂർത്തിയാക്കാൻ നിർബന്ധിക്കുന്നതിലും പൊലീസുകാർക്കിടയിൽ പ്രതിഷേധം. ആലുവ റൂറൽ ജില്ലയിലാണ് പൊലീസിന്റെ ദുർഗതി.
കെ.എ.പി ക്യാമ്പുകളിൽനിന്ന് റൂറൽ പൊലീസ് സ്റ്റേഷനുകളിലേക്ക് സ്പെഷ്യൽ ഡ്യൂട്ടിക്ക് നിയമിച്ചവരിൽ ചിലർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് ചെയ്യാൻ പോകുന്ന സമയംവരെ തൊട്ടടുത്തുനിന്ന് ജോലിചെയ്തവരെ ഡ്യൂട്ടിയിൽനിന്ന് മാറ്റുന്നുമില്ല. അവരും ടെസ്റ്റ് ചെയ്യട്ടെ എന്നതാണ് നിലപാട്. വീട്ടിൽ തൊട്ടടുത്ത ബന്ധുക്കൾ രോഗബാധിതരായാൽപ്പോലും പൊലീസുകാരന് ക്വാറന്റെയിനിൽ പോകാൻപറ്റാത്ത ഗതികേടാണ്. ഇത് സേനയിൽ ആശങ്കയും അമർഷവുമാണ് ഉണ്ടാക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വകുപ്പുതലത്തിൽ ആവശ്യമായും മാസ്കും ലഭ്യമാക്കുന്നില്ല. കഴിഞ്ഞ മാസങ്ങളിൽ 100 മാസ്കുകളാണ് ആകെ നൽകിയത്. ഇത് മുഴുവൻ പൊലീസുകാർക്കും തികയുന്നില്ല.
ജി.ഡി ചാർജുകാരനും പാറാവുകാരനുമൊഴിച്ച് ഒരാൾപോലും സ്റ്റേഷനിൽ കാണരുതെന്നും വഴിയിലിറങ്ങി കൊവിഡ് ലംഘനകേസുകൾ കണ്ടെത്താനുമാണ് പുതിയ നിർദ്ദേശം. പരിശോധനക്കിറങ്ങുമ്പോൾ ഫേസ് ഷീൽഡുകളോ പി.പി.ഇ കിറ്റുകളോ ഒരാൾക്കുപോലും നൽകുന്നില്ല.