കിഴക്കമ്പലം: വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മകാരണം അനന്തമായി നീളുന്ന നെല്ലാട് - പട്ടിമറ്റം റോഡ് നിർമ്മാണത്തിൽ കോടതി ഇടപെടൽ അനിവാര്യമാണെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ എം.പി. വർഗീസ് ഹൈക്കോടതിയെ സമീപിച്ചു. നിലവിൽ കരാറുകാരൻ പണി ഉപേക്ഷിച്ച മട്ടാണ്. ഒരുമാസംമുമ്പ് മറ്റൊരാൾ ഫയൽചെയ്ത സമാനമായ കേസിൽ രണ്ട് മാസത്തിനകം പണി പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചെങ്കിലും പ്രാരംഭ നടപടികൾപോലും തുടങ്ങിയില്ല. അതിനിടെയാണ് റോഡിലെ കുടിവെള്ള പൈപ്പുകൾ മാറ്റിയിടുന്നത് സംബന്ധിച്ച് വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും കിഫ്ബിയും തമ്മിലുള്ള ശീതസമരം കനക്കുന്നത്. പൈപ്പിടാൻ നേരത്തെ അനുവദിച്ച തുക അപര്യാപ്തമാണെന്നും റിവൈസ്ഡ് എസ്റ്റിമേറ്റിട്ട് തുകകൂട്ടണമെന്നുമാണ് കരാറുകാരന്റെ നിലപാട്. പൈപ്പിടാൻ വെട്ടിപ്പൊളിക്കുന്ന റോഡ് പണിതുനൽകേണ്ട വാട്ടർഅതോറിറ്റിയും പൊതുമരാമത്തുവകുപ്പും പ്രശ്നത്തിൽ ഒളിച്ചുകളിക്കുന്നതോടെ റോഡുപണി അനന്തമായി നീളുകയാണ്.

രണ്ടരവർഷം മുമ്പ് 32.64 കോടിക്ക് ടെൻഡറായ നിർമാണ ജോലിയിൽ പട്ടിമ​റ്റംമുതൽ പത്താംമൈൽവരെയും പള്ളിക്കരമുതൽ മനയ്ക്കക്കടവ് വരെയുമാണ് പൂർത്തിയായിട്ടുള്ളത്. കിഴക്കമ്പലം മുതൽ നെല്ലാട് വരെയുള്ള 18 കിലോമീ​റ്ററോളം ഭാഗത്തെ പണിയാണ് ആരംഭിക്കാനുള്ളത്.