കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള സഹകരണ ഒാർഡിനൻസിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഒാർഡിനൻസ് ശരിവച്ച സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയടക്കം നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. അപ്പീലുകൾ മേയ് 25നു വീണ്ടും പരിഗണിക്കും. സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകളും കേരള ബാങ്കിൽ ലയിക്കാൻ തയ്യാറായെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് അതിനു ഒരുക്കമായിരുന്നില്ല. തുടർന്നാണ് സർക്കാർ ഒാർഡിനൻസിലൂടെ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്താൻ നടപടിയെടുത്തത്.