mathewkuzhalanadan
നിർദ്ധന കുടുംബത്തിനായി പായിപ്ര പഞ്ചായത്ത് 19-ാം വാർഡിൽ നിർമ്മിക്കുന്ന വീടിന് നിയുക്ത എം.എൽ.എ മാത്യു കുഴൽനാടൻ തറക്കല്ലിടുന്നു

മൂവാറ്റുപുഴ: നിർദ്ധന കുടുംബത്തിന്റെ വീടിന് തറക്കല്ലിട്ട് നിയുക്ത എം.എൽ.എ ഡോ. മാത്യു കുഴൽനാടന്റെ പൊതുപരിപാടിക്ക് തുടക്കം. പായിപ്ര പഞ്ചായത്ത് 19-ാം വാർഡിലാണ് വീട് നിർമ്മിക്കുന്നത്. പാലത്തിങ്കൽ പി.സി. ബേബിക്കാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിയുടെ നേതൃത്വത്തിൽ സുമനസുകൾ ചേർന്ന് വീടൊരുക്കുന്നത്. കാലപ്പഴക്കത്താൽ ചോർന്നൊലിച്ച് നിലംപൊത്താറായ ഈ വീട്ടിലാണ് വികലാംഗനായ ബേബിയും തൊഴിലുറപ്പ് തൊഴിലാളികളായ മൂന്നു പെൺമക്കളുമൊത്ത് താമസിക്കുന്നത്. ലൈഫ് പദ്ധതി പ്രകാരം ഇവർക്ക് വീട് ലഭിക്കാനുളള മാനദണ്ഡമില്ല. നിലവിലെ വീടാകട്ടെ ചോർന്നൊലിക്കുന്നതും. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിയും സുഹൃത്തുക്കളും ചേർന്ന് ബേബിക്ക് വീട് പണിത് നൽകാൻ തീരുമാനിച്ചത്. 780 സ്ക്വയർഫീറ്റുള്ള വീടിന്റെ നിർമ്മാണമേൽനോട്ടം വഹിക്കുന്നത് സിദ്ധിഖ് മുതിരക്കാലായിയാണ്. ശിലാസ്ഥാപനച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി. വിനയൻ, കെ.കെ. ഉമ്മർ, കെ.പി. ജോയി, സജി പായിക്കാട്, വിൽസൺ കൂട്ടാലിൽ, ബിജു കൊട്ടാരംകുന്നേൽ, സുനിൽ ആനിച്ചുവട്ടിൽ എന്നിവർ സംസാരിച്ചു.