കൊച്ചി : ചെല്ലാനം മുതൽ ഫോർട്ടുകൊച്ചിവരെയുള്ള തീരപ്രദേശത്തിന്റെ സംരക്ഷണത്തിന് നടപടി വേണമെന്നാവശ്യപ്പെട്ട് കെയർ ചെല്ലാനം എന്ന സംഘടനയുടെ പ്രവർത്തകരായ ടി.എ. ഡാൽഫിൻ, ജോർജ് ബാബു കാളിപ്പറമ്പിൽ തുടങ്ങിയവർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി മേയ് 19 നു വീണ്ടും പരിഗണിക്കും. കഴിഞ്ഞ 15 വർഷത്തിലേറെയായി ഇൗ മേഖലയിലെ കടൽഭിത്തി നിർമ്മാണം സ്തംഭിച്ച നിലയിലാണെന്നും കടലാക്രമണത്തെ ചെറുക്കാൻ നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ഹർജിയിൽ പറയുന്നു. 2017ലെ ഒാഖി ദുരന്തത്തിൽ അഞ്ചു കിലോമീറ്ററോളം കടൽഭിത്തി തകർന്നിരുന്നു. രണ്ടു മരണങ്ങളുമുണ്ടായി. 2018 ൽ ജിയോ ട്യൂബിനും 2020 ൽ കരിങ്കൽ ഭിത്തിക്കുമായി സർക്കാർ 26 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും നിർമ്മാണ നടപടികളൊന്നുമുണ്ടായില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. മുൻവർഷങ്ങളിൽ കടലാക്രമണത്തെ ചെറുക്കാൻ താത്കാലിക സംവിധാനങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ ഇത്തരം നടപടികൾ മതിയാവില്ല. സമഗ്രമായ പദ്ധതി നടപ്പാക്കണം. കരിങ്കൽ കടൽഭിത്തികൾ പുന: നിർമ്മിക്കണമെന്നും പുലിമുട്ടുകൾ നിർമ്മിക്കാൻ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.