
മൂവാറ്റുപുഴ: വാടക വീട് നോക്കാൻ എന്ന വ്യാജേനയെത്തി ഗൃഹനാഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മാലയുമായി കടന്ന കേസിലെ മുഖ്യപ്രതി എറണാകുളം മരട് ആനക്കാട്ടിൽ ആഷിക് (27) മുവാറ്റുപുഴ പൊലീസിന്റെ പിടിയിലായി. ബംഗളൂരുവിൽ സ്ഥിരതാമസക്കാരനായ പേഴക്കാപ്പിള്ളി പുളിഞ്ചുവട് മേമഠത്തിൽ സിനോയി (37) ആണ് വോട്ടെണ്ണൽ ദിനത്തിൽ ആക്രമിക്കപ്പെട്ടത്. വീട് വാടകയ്‌ക്ക് കൊടുക്കാനുണ്ടെന്ന പരസ്യം കണ്ട് വീട് നോക്കാനെന്ന വ്യാജേന ഇന്നോവ ടാക്സി കാറിൽ എത്തിയ ഒരു സംഘം സിനോയിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം മാല തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു. സിനോയിയുടെ പരിക്ക് സാരമുള്ളതല്ല.
ഇൻസ്‌പെക്ടർ കെ.എസ് ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. മറ്റു പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. സംഘം എത്തിയ കാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കൊലപാതകം, മയക്കുമരുന്ന് -കഞ്ചാവ് കച്ചവടം, വാഹനമോഷണം, തട്ടിപ്പ് തുടങ്ങി ഇരുപതോളം കേസുകളിൽ പ്രതിയാണ് ആഷിക്.
പേഴയ്ക്കാപ്പിള്ളി പുന്നോപടി അക്വാഡക്ടിന് സമീപത്തെ ഭാര്യവീട്ടിൽ നിരവധി വാഹനതട്ടിപ്പു കേസുകളിൽ കൂട്ടുപ്രതിയായ ഭാര്യയോടൊത്ത് താമസിച്ച് വരികയായിരുന്നു ആഷിക്. ഇയാൾക്ക് മാന്നാനം ദേവലോകം അരമനക്ക് സമീപം മനക്കൽ വീട്ടിൽ എന്നൊരു വിലാസം കൂടിയുണ്ട്.
അന്വേഷണസംഘത്തിൽ പ്രിൻസിപ്പൽ എസ്.ഐ വി.കെ. ശശികുമാർ, എൽദോസ് കുര്യാക്കോസ്, എ.എസ്.ഐ പി.സി. ജയകുമാർ, സീനിയർ സി.പി.ഒ അഗസ്റ്റിൻ ജോസഫ്, സി.പി.ഒമാരായ ബിബിൽ മോഹൻ, ജിസ്മോൻ എന്നിവരുമുണ്ടായിരുന്നു.